ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയില്‍ വഴിത്തിരിവ്
ബെര്‍ലിന്‍: ജര്‍മനിയില്‍ മൂന്നു മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് അന്ത്യമാകുന്നു. സഖ്യസര്‍ക്കാര്‍ രൂപീകരണത്തിനായി ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വഴിത്തിരിവ്.
മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സി.ഡി.യു)യും മുന്‍ സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി)യും തമ്മിലുള്ള ഔദ്യോഗിക സഹകരണ ഉടമ്പടിയുടെ രൂപത്തില്‍ അംഗീകാരമായി.
മഹാസഖ്യ സര്‍ക്കാര്‍ ഉടന്‍ രൂപംകൊള്ളുമെന്നാണു പ്രതീക്ഷയെന്ന് മെര്‍ക്കലും എസ്.പി.ഡി നേതാവ് മാര്‍ട്ടിന്‍ ഷ്യൂള്‍സും ചര്‍ച്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ജര്‍മനിയെ പുതിയൊരു തുടക്കമാണ് കാത്തിരിക്കുന്നത്.
ജര്‍മനിക്കാരുടെ ശക്തി യൂറോപ്പിലുടനീളം വിന്യസിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ് '-ഇരുവരും പറഞ്ഞു. ഫ്രാന്‍സുമായും യൂറോപ്യന്‍ യൂനിയനുമായും ശക്തമായ ബന്ധം തുടരുന്നതിനാണു പ്രാഥമിക പരിഗണനയെന്നും ഇവര്‍ സൂചന നല്‍കിയിട്ടുണ്ട്.
28 പേജുള്ള കരാറില്‍ രാത്രി ഏറെ വൈകിയും നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സഹകരണത്തിനു തീരുമാനമായത്. ചര്‍ച്ച 24 മണിക്കൂര്‍ നീണ്ടു.
കുടിയേറ്റം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ പരസ്പരം തീരുമാനത്തിലെത്തിയതായാണു ലഭിക്കുന്ന വിവരങ്ങള്‍. വര്‍ഷത്തില്‍ അഭയം തേടിയെത്തുന്നവരുടെ എണ്ണം രണ്ടു ലക്ഷമായി കുറയ്ക്കാനാണു തീരുമാനമായിരിക്കുന്നത്. ജര്‍മനിയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം മാസത്തില്‍ ആയിരമായി ചുരുക്കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ സി.ഡി.യു ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കിലും ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിലെ ദയനീയമായ പ്രകടനത്തെ തുടര്‍ന്ന് ഇനി ഭരണത്തിലിരിക്കാനില്ലെന്ന് മുന്‍ സഖ്യകക്ഷികളായ എസ്.പി.ഡി വ്യക്തമാക്കുകയും ചെയ്തു.
ഇതേതുടര്‍ന്നാണ് മെര്‍ക്കല്‍ മറ്റു ചെറുകക്ഷികളുമായി സഖ്യചര്‍ച്ച ആരംഭിച്ചത്. ഇത് പാതിവഴിയില്‍ പരാജയപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍ എസ്.പി.ഡി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയോട് അനുകൂലമായി പ്രതികരിച്ചതാണു പ്രതിസന്ധിക്ക് അറുതിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."