'തട്ടിക്കൊണ്ടു പോകല്‍'; കുട്ടിക്കുസൃതിയറിയാതെ ഒന്നര മണിക്കൂര്‍
മാവൂര്‍: ഓടിക്കൊണ്ടിരുന്ന കാറില്‍നിന്ന് കുട്ടി ഇറങ്ങിയോടിയത് 'തട്ടിക്കൊണ്ടു പോകല്‍' അഭ്യൂഹം പരത്തി. ഇതേതുടര്‍ന്ന് നിരവധിയാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇന്നലെ രാത്രി പത്തോടെ ചെറൂപ്പ-കുറ്റിക്കടവ് റോഡിലായിരുന്നു നാടകീയമായ രംഗങ്ങള്‍.
മലപ്പുറം രജിസ്‌ട്രേഷനുള്ള കാറിന്റെ നമ്പര്‍പ്ലേറ്റില്‍ പൂര്‍ണമായി നമ്പര്‍ തെളിയാത്തതും കുട്ടിയുടെ സ്‌കൂള്‍ ബാഗ് കാറിന്റെ പിന്‍ഭാഗത്ത് കണ്ടതും കൂടുതല്‍ സംശയത്തിനിടയാക്കി. മറ്റൊരു വാഹനത്തിന് അരികു കൊടുക്കുന്നതിനിടെയാണ് ആറു വയസ് പ്രായം തോന്നിക്കുന്ന കുട്ടി ഇറങ്ങിയോടിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ പ്രതികരണം തൃപ്തികരമല്ലാത്തതിനാല്‍ കൂടുതല്‍ പേരെത്തി ഇയാളെ ചോദ്യം ചെയ്തു.
ഒടുവില്‍ പൊലിസെത്തി ചോദ്യം ചെയ്തപ്പോഴാണ് അരീക്കോട് സ്വദേശിയായ ഇയാള്‍ കുടുംബസമേതം കുറ്റിക്കടവില്‍ വാടകയ്ക്കു താമസിക്കുകയാണെന്നും കൂടെയുണ്ടായിരുന്നത് മകനാണെന്നും മനസിലായത്. കുട്ടി ആവശ്യപ്പെട്ട സാധനം വാങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ചതാണ് ഇറങ്ങിയോടാനുള്ള കാരണമെന്ന് ഇയാള്‍ പറഞ്ഞു. പൊലിസ് ഇയാളുടെ വീട്ടിലെത്തി കാര്യങ്ങള്‍ക്ക് വ്യക്തതവരുത്തുകയും ചെയ്തതോടെ ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."