കമ്മിഷന് ചെയ്യാത്ത പദ്ധതിയുടെ പേരില്‍ ഫണ്ട് ദുര്‍വിനിയോഗം
മാനന്തവാടി: 121 ഹെക്ടര്‍ പ്രദേശത്ത് നെല്‍കൃഷിക്കായി കാല്‍നൂറ്റാണ്ട് മുന്‍പ് പ്രവൃത്തിയാരംഭിച്ച് ഇനിയും കമ്മിഷന് ചെയ്യാത്ത ജലസേചന പദ്ധതിക്ക് വീണ്ടും സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം നടത്തുന്നു. എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് പായോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കാണ് ഇപ്പോള്‍ ഫണ്ടനുവദിച്ച് പ്രവൃത്തി നടത്തിവരുന്നത്. 1992ലാണ് എടവക പഞ്ചായത്തിലെ പാണ്ടിക്കടവില്‍ പായോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മാണമാരംഭിച്ചത്.
മാനന്തവാടി പുഴയില്‍നിന്നു പമ്പ് ഹൗസില്‍ വെള്ളമെത്തിച്ച് കനാലിലൂടെ കൃഷിയിടത്തിലേക്കെത്തിക്കുന്നതായിരുന്നു പദ്ധതി.
എന്നാല്‍ കോടികള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഒരു തുള്ളി വെള്ളംപോലും കര്‍ഷകര്‍ക്ക് ഉപകാരപ്രദമായി ലഭിച്ചിട്ടില്ല.
വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൈപ്പ് പൊട്ടുന്നതോടെ പമ്പിങ്ങ് നിര്‍ത്തിവയ്ക്കുകയായിരുന്നു. പന്നീട് പ്രദേശം മുഴുവന്‍ നെല്‍കൃഷിയില്‍നിന്നു വാഴകൃഷിയിലേക്ക് മാറുകയും ചെയ്തു.
എന്നാല്‍ ഒരിക്കല്‍ പോലും വെള്ളം പമ്പ് ചെയ്യാന്‍ കഴിയാത്ത പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായിട്ടാണ് 23 ലക്ഷം രൂപ വീണ്ടും അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരമാണ് ഇപ്പോള്‍ വീണ്ടും പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.
കര്‍ഷകര്‍ക്ക് ഒരിക്കലും ഉപകാരപ്പെടാത്ത പദ്ധതിക്കായി പണം ചെലവഴിക്കുന്നത് ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതിയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."