സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കിണറിനോട് ചേര്‍ന്ന് പൊതു കക്കൂസ് നിര്‍മാണം
മാറഞ്ചേരി: സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കിണറിനോട് ചേര്‍ന്ന് പൊതുകക്കൂസ് നിര്‍മാണം. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഉള്ള മാറഞ്ചേരിയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കിണറിനോട് ചേര്‍ന്നാണ് നിയം കാറ്റില്‍ പറത്തി പൊതു കക്കൂസിന്റെ നിര്‍മാണം നടന്നു വരുന്നത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു ലക്ഷം രൂപ ചെലവിലാണ് കക്കൂസിന്റെ നിര്‍മാണം നടന്നു വരുന്നത്.
പൊതുകക്കൂസിന്റെ നിര്‍മാണത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ പതിമൂന്നു മീറ്റര്‍ അകലം വേണമെന്നതാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം . എന്നാല്‍ നിയമങ്ങള്‍ പഞ്ചായത്തിന് ബാധകമല്ല എന്ന രീതിയില്‍ കിണറിന് അഞ്ചു മീറ്റര്‍ അകലത്തിലാണ് സെപ്റ്റിക് ടാങ്കിന്റെ നിര്‍മാണം നടക്കുന്നത്. നിത്യേന ആരോഗ്യ കേന്ദ്രത്തിലെത്തുന്ന നൂറുകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കിണര്‍ മലിനമാക്കാന്‍ ഈ നിര്‍മാണം കാരണമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത് അധികൃതരും അറിഞ്ഞു നടത്തുന്ന നിയമലംഘനത്തിനെതിരേ പൊതുജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊതു കക്കൂസ് നിര്‍മിക്കുന്നിടത്തെ വീടുകള്‍ക്കും ഇത് ദോഷകരമായി ബാധിക്കും എന്നിരിക്കെ കക്കൂസ് നിര്‍മാണം സംബന്ധിച്ചു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള അധികൃതര്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."