ഓപറേഷന്‍ ചാലിയാര്‍; രണ്ട് ലോറികള്‍ പിടികൂടി
അരീക്കോട്: അനധികൃത മണല്‍ക്കടത്ത് തടയാനും ചാലിയാര്‍ പുഴയുടെ സംരക്ഷണത്തിനുമായി അരീക്കോട് പൊലിസ് രൂപംനല്‍കിയ ഓപറേഷന്‍ ചാലിയാര്‍ പദ്ധതിക്കു മദ്‌റസാ വിദ്യാര്‍ഥികളുടെയും പിന്തുണ. വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് ഇരുവേറ്റി തോട്ടില്‍നിന്ന് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് കഴിഞ്ഞ ദിവസം പൊലിസ് പിടിച്ചെടുത്തത്.
കാവനൂര്‍, വി.കെ പടി എന്നീ ഭാഗങ്ങളില്‍നിന്നാണ് വാഹനങ്ങള്‍ പിടികൂടിയത്. നിയമം ലംഘിച്ചു മണല്‍ വാരുന്നവരെ പിടികൂടുന്നതിന് പൊലിസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസാ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. അമിത വേഗതയിലെത്തുന്ന മണല്‍ലോറികള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റും അപകടം വരുത്തിവച്ചിരുന്നു. ചൂളാട്ടിപ്പാറ പൂവത്തിക്കല്‍ ഭാഗങ്ങളില്‍ മണല്‍ ലോഡുകള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്ന ആളുകള്‍ മദ്‌റസയിലേക്കു പോകുന്ന വിദ്യാര്‍ഥികളെ ശല്യം ചെയ്യുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മദ്‌റസാ വിദ്യാര്‍ഥികളെ മാതൃകയാക്കി പൊതുജനങ്ങളും പൊലിസുമായി സഹകരിക്കണമെന്നും അരീക്കോട് എസ്.ഐ കെ. സിനോദ് പറഞ്ഞു. പുലര്‍ച്ചെ പള്ളിയിലേക്ക് പുറപ്പെടുന്നവരും മണല്‍ക്കടത്തുകാരുടെ അമിതവേഗതയുമായി ബന്ധപ്പെട്ട് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."