അമേരിക്കയില്‍നിന്നൊരു മാപ്പിളപ്പാട്ട് ഗവേഷക
''ഖാഫ് മല കണ്ട പൂങ്കാറ്റേ, കാണിക്ക നീ കൊണ്ടുവന്നാട്ടേ..
കാരയ്ക്ക കായ്ക്കുന്ന നാട്ടിന്റെ, മധുവൂറും കിസ്സ പറഞ്ഞാട്ടേ''
എന്നു തുടങ്ങുന്ന പ്രശസ്തമായ മാപ്പിളപ്പാട്ടില്‍ പരാമര്‍ശിക്കുന്ന 'ഖാഫ് മല' അറേബ്യയിലെ ഏതു പ്രവിശ്യയിലാണ്? അതുമായി ബന്ധപ്പെട്ട ഏതൊരന്വേഷണവും നമ്മെ കൊണ്ടെത്തിക്കുക ആ പേരില്‍ ഒരു മല പോയിട്ട് ഒരു മണല്‍ത്തിട്ട പോലുമില്ല എന്ന തിരിച്ചറിവിലേക്കാണ്. പക്ഷെ അറബി മലയാളത്തില്‍ വിരചിതമായ ഇത്തരം നൂറുകണക്കിനു പാട്ടുകള്‍ നമ്മുടെ കാവ്യഭാവനയുടെ ചക്രവാളത്തില്‍ ഒട്ടനവധി ബിംബങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത്തരം പരിസരങ്ങളിലെ സൗന്ദര്യദേവതകളെത്തേടി, കിസ്സ പറഞ്ഞ്, ഒരമേരിക്കന്‍ തീര്‍ഥാടക ലോകമെമ്പാടും അലഞ്ഞു നടക്കുന്നുണ്ട്.. കാലങ്ങള്‍ക്കു മുന്‍പ് ആരൊക്കെയോ മൂളിയ മാപ്പിളപ്പാട്ടിന്റെ ഇശലുകളോടു പ്രണയം തോന്നി, അതിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ പ്രണയിനി -അതാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പൈതൃക-സംഗീത പഠനവിഭാഗം പ്രൊഫസറും ഗവേഷകയുമായ ഡോ. ആമി കാതലിന്‍ ജൈറാസ്‌ബോ.
തേടിപ്പിടിച്ച ഇശലുകളുടെ അര്‍ഥമറിയാനും അവയുടെ ചരിത്രവ്യാപ്തി മനസിലാക്കാനും ആമി കഴിഞ്ഞയാഴ്ച മലപ്പുറത്തെത്തി. ശേഖരിച്ചു കൊണ്ടുവന്ന മാപ്പിളപ്പാട്ടുകളുടെ മനസറിയാനുള്ള തീര്‍ഥയാത്രയ്ക്കിടെ ഗവേഷകരുമായി കൂട്ടുകൂടാനായിരുന്നു അത്. എണ്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇശല്‍ ശേഖരമുണ്ട് ആമിയുടെ തീര്‍ഥാടന പാഥേയത്തില്‍. മലപ്പുറം മണ്ണിന്റെ മനസിലൂടെ ആ ഇശലുകള്‍ മൂളുന്ന കാറ്റിനോടും കിളികളോടുമടക്കം സംഗീതസാന്ദ്രമായി സല്ലപിക്കാനും, മാപ്പിള സാഹിത്യമെന്ന മലബാറിന്റെ അക്ഷയഖനിയില്‍ നിന്നുതിര്‍ന്നു വീണ മുത്തുമണികളെ കഠിനപരിശ്രമങ്ങളിലൂടെ രാകിമിനുക്കി ലോകത്തിനു പരിചയപ്പെടുത്താനും ആമി പാറിനടക്കുകയാണ്.
ഇതിനു മുന്‍പു തന്നെ ഇന്ത്യയെ കണ്ടെത്താനായി ആമിയെന്ന ഗവേഷക സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു. എത്യോപ്യ, സൊമാലിയ, സാന്‍സിബാര്‍ തുടങ്ങിയ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍നിന്നു പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യയിലേക്കു കുടിയേറിയ മുസ്‌ലിം വംശജരുടെ പിന്‍തലമുറക്കാരായ നിരവധി പേര്‍, 'സിദി'കളെന്ന വിഭാഗമായി ഗുജറാത്തില്‍ സ്വത്വദുഃഖവുമായി ജീവിക്കുന്നത് ലോകത്തെ അറിയിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ആമി നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. സൂഫി പാരമ്പര്യത്തെ പുണര്‍ന്നു ജീവിക്കുന്ന ഇക്കൂട്ടരുടെ ദയനീയചിത്രം ആമിയുടെ ഗവേഷണങ്ങളിലൂടെയാണു പുറംലോകമറിഞ്ഞത്. ഓരോ ഗവേഷണ പ്രവര്‍ത്തനവും തപസ്യയായി മാറുന്ന തീര്‍ഥാടനത്തിനിടയിലെ കഷ്ടതകളും പുതിയ കണ്ടെത്തലില്‍ വിജൃംഭിതമാകുന്ന ആത്മസാക്ഷാത്ക്കാര നിമിഷങ്ങളുമാണ് എല്ലാത്തിനും പ്രതിഫലമെന്ന് അവര്‍ കുറ്റസമ്മതം നടത്തുന്നു.
മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, ഖവാലികള്‍, മെഹ്ഫില്‍ രാവുകളെ പുളകമണിയിച്ച ഈരടികള്‍, നിക്കാഹ് ഗാനങ്ങള്‍, ഒപ്പനപ്പാട്ടുകള്‍, കോല്‍ക്കളിപ്പാട്ടുകള്‍, സൂഫിമന്ത്രങ്ങള്‍, ദ്വീപ് പാട്ടുകള്‍ എന്നിങ്ങനെയുള്ള മാപ്പിള സംസ്‌കൃതിയുടെ അടയാളപ്പെടുത്തലുകളാകുന്ന ഗാനശേഖരങ്ങളുടെ ആസ്വാദനം, പാട്ടുകളുടെ ചരിത്രം, രചനാവൈഭവങ്ങളുടെ അന്വേഷണം, മാറിക്കൊണ്ടിരിക്കുന്ന ഇശല്‍നിര്‍മിതിയും ചിട്ടപ്പെടുത്തലും എന്നിങ്ങനെ ഏറെ അക്കാദമിക്കായ തലങ്ങളിലൂടെയാണ് ആമി തന്റെ തീര്‍ഥയാത്ര നടത്തുന്നത്. ഇതില്‍ പലതിന്റെയും അച്ചടിരൂപങ്ങള്‍ പോലും ലഭ്യമല്ല എന്ന വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
കോളനിവല്‍കൃത ഭാരതത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മാപ്പിളപ്പാട്ടുകള്‍ - അതില്‍ മമ്പുറത്തെ സൂഫിവര്യന്മാരില്‍ ഒരാളായ സയ്യിദ് അലവി മൗലദ്ദവീലയെക്കുറിച്ചുള്ള സ്തുതിഗീതങ്ങള്‍, അറബി ഭാഷയിലുള്ള നിക്കാഹ് ഖുതുബകള്‍, തജ്‌വീദിന്റെ (പാരായണശൈലി) വ്യത്യസ്തതകളുള്ള ഖുര്‍ആന്‍ പാരായണങ്ങള്‍ എന്നിവയുടെ അപൂര്‍വ ശേഖരവുമുണ്ട് ആമിയുടെ പക്കല്‍. വിരുദ്ധധ്രുവങ്ങളില്‍ കിടക്കുന്ന തന്റെയും തന്റെ പഠനമേഖലയുടെയും ഭാഷയും സംസ്‌കാരവും രീതികളുമൊന്നും അവരെ അലോസരപ്പെടുത്തുന്നില്ല. അതേക്കുറിച്ച് ചോദിച്ചാല്‍ 'അതാണ് മനുഷ്യന്‍ എന്ന പൊതുജൈവികതയുടെ കാതല്‍' എന്ന് ഒരു ചെറുപുഞ്ചിരിയോടെ ആമി നിസാരവല്‍ക്കരിക്കും. 'ഉല്‍ഭവങ്ങളുടെ തിരിച്ചുപിടിക്കലാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച നന്മ' എന്നു കൂടി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ലണ്ടന്‍ സര്‍വകലാശാലയിലെ സംഗീതശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്ന ഡോ. ആര്‍നള്‍ഡ് ബെയ്ക്, വിവിധ ദേശങ്ങളിലെ നാടന്‍ശീലുകളുടെ ഓഡിയോ ശേഖരണമെന്ന ഒരു ബൃഹദ്പദ്ധതിയുടെ ഭാഗമായി, മലപ്പുറത്തെത്തിയതില്‍ തുടങ്ങുന്നു ആമിയുടെ മാപ്പിളപ്പാട്ട് തീര്‍ഥാടനത്തിന്റെ ഇരുമുടിക്കെട്ട് തയാറെടെപ്പ്. 1938ലാണ് ഈ സ്വപ്നപദ്ധതിയുമായി അദ്ദേഹം ഇവിടെയെത്തുന്നത് എന്ന് ഓര്‍മ വേണം. മമ്പുറം, തിരൂരങ്ങാടി, മലപ്പുറം, പരപ്പനങ്ങാടി, പുല്ലങ്കോട് എസ്റ്റേറ്റ് എന്നീ ഇടവഴികളിലൂടെ നടത്തിയ അലച്ചിലുകള്‍ക്കൊടുവില്‍ കോഴിക്കോടെത്തിയപ്പോഴേക്കും അദ്ദേഹം നൂറുക്കണക്കിനു മാപ്പിളപ്പാട്ടുകള്‍ ശേഖരിച്ചു കഴിഞ്ഞിരുന്നു. ജര്‍മന്‍ നിര്‍മിത 'റ്റെഫി വിന്റേജ് മെഷീന്‍' റെക്കോര്‍ഡിങ് സംവിധാനത്തിലൂടെയാണ് ആര്‍നള്‍ഡ് ഈ ഗാനശേഖരം ഓഡിയോ രൂപത്തിലാക്കിയത്.
ശേഖരം ആമിക്കു ലഭിക്കുന്നത് ഭര്‍ത്താവായ നാസര്‍ അലി ജൈറാസ്‌ബോ മുഖാന്തിരമാണ്. നാസറിനോടൊപ്പം ചേര്‍ന്ന് ആമി 'ഫ്രം ആഫ്രിക്ക റ്റു ഇന്ത്യ: സിദി മ്യൂസിക് ഇന്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡയസ്‌പോറ' എന്നൊരു ഡോക്യുമെന്ററി തയാറാക്കിയിട്ടുണ്ട്. ആഫ്രിക്കയില്‍നിന്നെത്തിയ സിദികളുടെ പിന്തുടര്‍ച്ചക്കാരുടെ ജീവിതവും സംസ്‌കാരവും സംഗീതവും പരിചയപ്പെടുത്തുന്ന ഈ ഡോക്യുമെന്ററിയിലും പാട്ടുകളുടെ ഇടനാഴികളിലൂടെയുള്ള ഒരു തീര്‍ഥാടനം തന്നെയാണു ദര്‍ശിക്കാനാവുക.
ഇശലുകളുടെ ശേഖരത്തിലൂടെ അറിഞ്ഞതു പറയുന്നതിനപ്പുറം, തനിക്കറിയാത്തതു പറയുന്നവരെ ശ്രവിക്കാനും അവരില്‍നിന്നു പുതിയ അറിവുകള്‍ നേടിയെടുക്കാനുമുള്ള അടങ്ങാത്ത ദാഹമാണ് ആമിയെ ഈ മേഖലയിലെ നിത്യസഞ്ചാരിയാക്കുന്നത്. പഴയ ഇശലുകളുടെ പുതിയ വെളിപാടുകള്‍ക്കായി ആമി തന്റെ തീര്‍ഥാടനയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."