നഗരത്തില്‍ നാലിടത്ത് അഗ്നിബാധ
കണ്ണൂര്‍:വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സിലും കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിലെ കെട്ടിടത്തിലും വന്‍ തീപിടുത്തം. ഇന്നലെ രാവിലെ 10.30 ഓടെയാണ് വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സില്‍ തീപ്പിടുത്തമുണ്ടായത്. വൈകുന്നേരം അഞ്ചരയോടെ കണ്ണൂര്‍ പുതിയ ബസ്സ്റ്റാന്റിനു സമീപത്തെ കെട്ടിടത്തിലും തീപ്പിടുത്തമുണ്ടാവുകയായിരുന്നു. രണ്ടിടത്തുമായി ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കണ്ണൂരില്‍ നിന്നുള്ള അഗ്നിശമനസേന യഥാസമയം എത്തിയതിനാല്‍ രണ്ടിടത്തും തീ നിയന്ത്രിക്കാനായി. ഉച്ചയ്ക്ക് 12 മണിയോടെ ചാല നമ്പോലന്‍ മുക്കിലെ കെ.പി സുനന്ദിന്റെ തെങ്ങിന്‍ തോപ്പിലും തീപ്പിടുത്തമുണ്ടായി. മൂന്നരയോടെ കണ്ണൂര്‍ താവക്കര അണ്ടര്‍ ഗ്രൗണ്ടില്‍ ഉണക്കപ്പുല്ലിന് തീപ്പിടിച്ചതും പരിഭ്രാന്തി പരത്തി.
ഇന്നലെ രാവിലെ 10.30നാണ് വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സില്‍ റേഡിയേഷന്‍ ലാബില്‍ തീപ്പിടുത്തമുണ്ടായത്. ഫര്‍ണിച്ചറുകള്‍, യു.വി കോട്ടിങ് മെഷിന്‍, ഡ്രൈയിങ് മെഷിന്‍, ഫം കപ്പ്‌പോള്‍, പ്ലാസ്റ്റിക് കോട്ടിങ് ഇംപോര്‍ട്ടഡ് കെമിക്കല്‍ ബാരലുകള്‍ എന്നിവ കത്തിനശിച്ചു. കണ്ണൂരില്‍ നിന്നു രണ്ട് ഫയര്‍ എഞ്ചിനുകളുമായി അഗ്നിശമന സേന എത്തുമ്പോഴേക്കും നാട്ടുകാരും ജീവനക്കാരും തീയണക്കാന്‍ തുടങ്ങിയിരുന്നു.രണ്ട് മണിക്കൂറോളം അധ്വാനിച്ചാണ് അഗ്നിശമന സേന തീ നിയന്ത്രിച്ചത്. മൂന്നു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകുന്നേരം അഞ്ചരയോടെയാണ് കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ അലന്‍ സോള്‍, ലൂയി ഫിലിപ്പ് കമ്പനികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കെട്ടിടത്തിന് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അലന്‍ സോള്‍ കമ്പനിയുടെ വസ്ത്ര സ്ഥാപനത്തിലേക്ക് കയറിപോകുന്ന ഏണിപ്പടികള്‍ക്കടുത്ത് ഉണ്ടായ തീയാണ് ആളിപടരുകയായിരുന്നു. ഇവിടെ കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപടര്‍ന്നതാണ് കാരണമെന്നു കരുതുന്നു. അലന്‍ സോള്‍ എന്ന സ്ഥാപനത്തിന്റെ ഒരു ഭാഗം കത്തി നശിച്ചു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കാനിരിക്കുന്ന ചോളമണ്ഢലം ഫൈനാന്‍സിന്റെ നിര്‍മാണത്തിലിരിക്കുന്ന ഫര്‍ണിച്ചറുകളും വയറിങ് കേബിളുകളും കത്തിനശിച്ചു. തീപ്പിടിച്ച കെട്ടിടത്തിന് സമീപം നിര്‍മാണത്തിലിരിക്കുന്ന ഹോട്ടലിന്റെ ഒരു ഭാഗത്തിനും തീപ്പിടുത്തത്തില്‍ നാശമുണ്ടായി. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണക്കാക്കുന്നു. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫിസര്‍ എം രാജേന്ദ്രനാഥ്, ലീഡിങ് ഫയര്‍മാന്‍മാരായ എ കുഞ്ഞിരാമന്‍, എ ഭക്തവത്സലന്‍, ഫയര്‍മാന്‍മാരായ ശ്രീകേഷ്, ഗോവിന്ദന്‍ കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് രണ്ടിടത്തെയും തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."