ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയില്ല; മരണകാരണം രക്തത്തിലെ അണുബാധ
ചെന്നൈ: ഗുരുതരമായ അണുബാധമൂലം ആന്തരാവയവങ്ങള്‍ തകരാറിലായതാണ് തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജന.സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണകാരണമെന്ന് അപ്പോളോ ആശുപത്രിയില്‍ അവരെ ചികിത്സിച്ച ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്.
ജയലളിതയുടെ മരണകാരണം സംബന്ധിച്ച് ഉയര്‍ന്ന വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഇംഗ്ലണ്ടില്‍ നിന്ന് അപ്പോളോ ആശുപത്രിയില്‍ അവരെ ചികിത്സിക്കാനെത്തിയ ഡോ. റിച്ചാര്‍ഡ് വാര്‍ത്താ സമ്മേളനം വിളിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരായ ബാബു അബ്രഹാം, ബാലാജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ജയലളിതയുടെ ശരീരത്തില്‍ അണുബാധ ഉണ്ടായത് എങ്ങനെയാണെന്ന് മനസിലായില്ലെന്നും എന്നാല്‍ അണുബാധ വളരെ വേഗത്തില്‍ രക്തത്തില്‍ പടര്‍ന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
രക്തത്തില്‍ ബാക്ടീരിയ വളരുകയും ഇതോടെ ജയലളിതയുടെ രക്തം മലിനമാകുകയും ചെയ്തു. ഇത് അവരുടെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ച ശേഷം വെന്റിലേറ്ററിന്റെ സഹായവും വെന്റിലേറ്റര്‍ നീക്കം ചെയ്തും ചികിത്സക്ക് വിധേയമാക്കിയിരുന്നു. പനിയും വയറിളക്കവുമായിട്ടാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ഡോ. റിച്ചാര്‍ഡ് ബെയ്ല് പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ അവര്‍ക്ക് ബോധമുണ്ടായിരുന്നു. ഏതിനോടും പ്രതികരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വളരെ പെട്ടെന്നാണ് അവരുടെ ആരോഗ്യ നില മോശമായത്. രക്തത്തിലുണ്ടായ അണുബാധയാണ് അവരുടെ ആരോഗ്യത്തെ തകര്‍ത്തതെന്നും ഡോ. റിച്ചാര്‍ഡ് ബെയ്ല് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."