നേന്ത്രവാഴകള്‍ കരിഞ്ഞുണങ്ങുന്നു; കര്‍ഷകരുടെ സ്വപ്‌നവും
ബാലുശ്ശേരി: വേനലിന്റെ കാഠിന്യത്തില്‍ നേന്ത്രവാഴകള്‍ മൂപ്പാകാതെ നിലംപൊത്തുന്നത് കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്നു. പനങ്ങാട് പഞ്ചായത്തിലെ ആര്യന്‍കുന്നത്ത് താഴെ ചൂട് താങ്ങാനാകാതെ നൂറുകണക്കിന് വാഴകളാണ് നശിച്ചുകൊണ്ടണ്ടിരിക്കുന്നത്. തുലാവര്‍ഷവും വേനല്‍ മഴയും ലഭിക്കാത്തതിനാലാണ് കുലച്ചുനില്‍ക്കുന്ന വാഴകള്‍ കൂട്ടമായി ഉണങ്ങാന്‍ തുടങ്ങിയത്.
ഇല്ലത്ത് വയല്‍ ഉണ്ണിനായര്‍ പാട്ടത്തിനെടുത്ത് നടത്തിവന്ന ഏഴും എട്ടും മാസം വളര്‍ച്ചയെത്തിയ കുലച്ച വാഴകള്‍ പൂര്‍ണമായും നശിച്ചു കഴിഞ്ഞു. കുല വന്ന സമയത്ത് വളം ചെയ്യാനും കുലകള്‍ക്ക് ഗുണമേന്മ ലഭിക്കാനും വെള്ളം അനിവാര്യമാണ്. എന്നാല്‍ ആര്യന്‍ കുന്നത്ത് വയലില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം നനയും അസാധ്യമായി. വര്‍ഷങ്ങളായി വാഴകൃഷിയില്‍ വിജയം കൊയ്ത ഉണ്ണിനായരെ കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്ത് മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. എട്ടു മാസം വരെ പ്രയമെത്തിയ ഒരു വാഴയ്ക്ക് 175 രൂപയോളം ചെലവു വരുമെന്ന് ഈ കര്‍ഷകന്‍ പറയുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒന്നും കിട്ടാത്ത അവസ്ഥയാണ്. കാലവര്‍ഷക്കെടുതിയില്‍ വാഴകൃഷി നശിച്ചാല്‍ നഷ്ടപരിഹാരം വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ലഭിക്കുമെങ്കിലും വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ വാഴകൃഷിയെ ഉള്‍പ്പെടുത്താറില്ല.
വാഴകള്‍ കരിഞ്ഞുണങ്ങിയാലും മഴ വന്നാല്‍ കിളിര്‍ക്കുമെന്ന് പറഞ്ഞാണ് ആനുകൂല്യം നിഷേധിക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."