HOME
DETAILS

വര്‍ത്തമാന ഇന്ത്യയുടെ പ്രതീക്ഷകള്‍

  
backup
January 15 2018 | 01:01 AM

varthamana-indiyayude-prathikshakal

കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബഹ്‌റൈനിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനവും പ്രഭാഷണവും ശ്രദ്ധേയമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെയും ബി.ജെ.പി നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ചു എന്ന നിലയിലും പ്രസ്തുത പ്രഭാഷണത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പോലുള്ളവര്‍ രംഗത്തിറങ്ങി എന്നതിനാലും രാഹുലിന്റെ പ്രഥമ ഗള്‍ഫ് പ്രഭാഷണത്തിന് വലിയ വാര്‍ത്താപ്രാധാന്യവും ലഭിച്ചിട്ടുണ്ട്. 

 

ഇത്തരുണത്തില്‍ വര്‍ത്തമാന ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും പ്രവാസികള്‍ക്കു മുന്‍പില്‍ കൃത്യമായി വരച്ചു കാണിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഓരോന്നും പൂര്‍ണമായി വായിക്കപ്പെടേണ്ടതു തന്നെയാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി 20 മിനിറ്റോളം നീണ്ടു നിന്ന രാഹുല്‍ ഗാന്ധിയുടെ പ്രഭാഷണത്തിന്റെ സമ്പൂര്‍ണ മലയാള പരിഭാഷ ഇപ്രകാരമാണ്.ഇവിടെ വരാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായാണ് ഞാന്‍ കാണുന്നത്. എനിക്ക് ഓര്‍മയുണ്ട്, ഞാന്‍ കൊച്ചു കുട്ടിയായിരുന്നപ്പോള്‍ എനിക്ക് ഒരു കെമിസ്ട്രി ടീച്ചര്‍ ഉണ്ടായിരുന്നു. അവര്‍ മുന്‍പ് ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ ആയിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ബഹ്‌റൈന്‍ സന്ദര്‍ശിച്ച് ഈ രാജ്യം കാണണം എന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നു. ബഹ്‌റൈനില്‍ ഒരു ഇന്ത്യക്കാരി എന്ന നിലയില്‍, അവര്‍ എപ്പോഴും അംഗീകരിക്കപ്പെട്ടിരുന്നതായി ടീച്ചര്‍ പറഞ്ഞിട്ടുണ്ട്. അതു കൊണ്ടുതന്നെ അവര്‍ ഈ രാജ്യത്തിന്റെ ഒരു ഭാഗമാണെന്നാണ് വിശ്വസിച്ചിരുന്നത്. ഈ രാജ്യത്ത് താമസിച്ച കാലമത്രയും അവര്‍ക്ക് ഒരു വിവേചനവും അനുഭവപ്പെട്ടിരുന്നില്ല. ആ സ്‌നേഹത്തിന് ഞാന്‍ ബഹ്‌റൈനിലെ ജനങ്ങളോട് നന്ദി പറയുകയാണ്.


ബഹ്‌റൈന്‍ എന്ന ഈ രാജ്യത്തിന്റെ നിര്‍മിതിക്കായി ഇന്ത്യക്കാര്‍ വലിയ സംഭാവനകള്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അത് ഒരു സംയുക്ത പ്രവര്‍ത്തനമായി ഞാന്‍ മനസിലാക്കുന്നു. അതില്‍ നമ്മള്‍ വളരെയധികം അഭിമാനിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെ വരാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്, ഈ മഹാരാജ്യത്തു വച്ച് നിങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്നെ ഇവിടേക്ക് ക്ഷണിച്ച ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഏഛജകഛ) എന്ന സംഘടനയോട് ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങളോടു സംസാരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനും ആവേശഭരിതനുമാണ്. ഞാന്‍ ഒരു ചെറിയ ചോദ്യം ചോദിക്കട്ടെ? ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കും ഹിന്ദി അറിയാമോ? എല്ലാവര്‍ക്കും ഹിന്ദി മനസ്സിലാകുമോ? കാരണം എന്റെ സംസാരത്തിലെ കുറച്ച് ഭാഗങ്ങള്‍ ഹിന്ദിയിലാണ്. ഞാന്‍ പറയുന്ന ചില കാര്യങ്ങള്‍ ഹിന്ദി അറിയാത്തവര്‍ക്ക് മനസിലാക്കാനായി വിവര്‍ത്തനം ആവശ്യമുണ്ടോ എന്നറിയാനാണ് ഞാന്‍ ഇത് ചോദിക്കുന്നത്. നമ്മുടെ ഇന്ത്യന്‍ രാഷ്ട്രീയം ഒരു വിചിത്രമായ അനുഭവമാണ്. ഇവിടെ ശശി തരൂര്‍ജി ഉണ്ട്, ഇവിടെ, സാം പിറ്റ്‌റോഡ്ജി ഉണ്ട്, ഹൈബി ഈഡന്‍ ജി ഉണ്ട്, രാഷ്ട്രീയം വിചിത്രമായ അനുഭവമാണ്. നിങ്ങള്‍ പലതരത്തിലുള്ള വിഷയങ്ങള്‍ നേരിടേണ്ടി വരും. അതുമായി ബന്ധപ്പെട്ട് ഒരു ചെറിയ കഥയുമായി ഞാന്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഏതാനും വര്‍ഷങ്ങളായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. ഉത്തര്‍പ്രദേശില്‍ നടന്ന ഒരു ചെറിയ കഥ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ യാത്ര ചെയ്യുകയായിരുന്നു. പൊടിപടലങ്ങളുള്ള ഒരു റോഡ്, വളരെ ക്ഷീണിതനായിരുന്നു ഞാന്‍. അങ്ങനെ ഞങ്ങള്‍ ഒരു വ്യാപാര മേഖലയില്‍ പ്രവേശിച്ചു, പെട്ടെന്ന് ഒരു സ്ത്രീ എന്റെ അടുത്തേക്ക് ഓടി വന്നു, അവര്‍ പറഞ്ഞു. മുജേ ഇന്‍ ലോകോ നെ ബാര്‍ബഡ് കാര്‍ ഡിയ ഹൈ(ഈ ആളുകള്‍ എന്റെ ജീവിതം നശിപ്പിച്ചു).ഞാന്‍ ചോദിച്ചു കിസ്‌നെ ആപ്കി സിന്ദഗി ബാര്‍ബാഡ് കി? (നിങ്ങളുടെ ജീവന്‍ ആരാണ് നശിപ്പിച്ചത്?) പോലീസ് വാലോനെ, (പോലീസാണ് എന്റെ ജീവിതം നശിപ്പിച്ചത്).ഞാന്‍ ചോദിച്ചു, ക്യോ? (എന്തുകൊണ്ട്?)
അവര്‍ പറഞ്ഞു: 302 കാ കേസ് ലാഗാ ദിയാ ഹേ (എന്റെ ഭര്‍ത്താവിന് എതിരെ ഒരു 302 കേസ് കൊടുത്തിരിക്കുന്നു) 302 എന്താണ് എന്ന് അറിയാത്തവര്‍ക്കായി പറയുന്നു, ഇന്ത്യയില്‍ കൊലപാതക കേസുകളാണ് 302 . ഉത്തര്‍പ്രദേശില്‍ അനേകം ആളുകള്‍ക്കെതിരെ വ്യാജ കേസുകളുണ്ട്, അവരും അതേപോലെ ഒരു തെറ്റായ കേസിനെ പറ്റി പരാതിപ്പെടുമെന്നു ഞാന്‍ കരുതി. എന്റെ അടുത്തായി ഒരു പൊലിസുകാരന്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അയാളോട് ചോദിച്ചു. ഈ പാവം സ്ത്രീയുടെ ഭര്‍ത്താവിന് എതിരായി നിങ്ങള്‍ എന്തിനാണ് തെറ്റായ കേസ് ഫയല്‍ ചെയ്തത്? നിങ്ങള്‍ക്കിത് പരിശോധിക്കാമോ? ദയവായി എന്താണ് സംഭവിച്ചതെന്ന് ഒന്ന് നോക്കുക.


ഇതു ഞാന്‍ അയാളോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് വളരെ വിചിത്രമായ ഒരു ഭാവം ഉണ്ടായി. യുപിയില്‍ നിങ്ങള്‍ക്ക് അത്തരം ഭാവം ഉണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് ഞാന്‍ സംശയാസ്പദമായി നോക്കി. ഞാന്‍ തിരിഞ്ഞ് ആ സ്ത്രീയോട് ചോദിച്ചു, ബഹന്‍ജി, ക്യാ ആപ്‌കെ പതിനെ നെ ഖൂണ്‍ കിയ ഹൈ? (സഹോദരി, നിങ്ങളുടെ ഭര്‍ത്താവ് യഥാര്‍ഥത്തില്‍ ഒരാളെ കൊന്നുവോ?)
അവര്‍ പറഞ്ഞു, ഹാന്‍ ഖൂണ്‍ തോ കിയ ഹേ. (അതെ, അയാള്‍ കൊലപാതകം ചെയ്തിട്ടുണ്ട്) അപ്പോള്‍ ഞാന്‍ ചോദിച്ചു, പിന്നെ നിങ്ങള്‍ എന്താണ് പറയുന്നത്? നിങ്ങളുടെ ഭര്‍ത്താവ് ഒരാളെ കൊന്നിട്ടുണ്ട് എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ എനിക്ക് എങ്ങനെ കഴിയും? ഉടന്‍ തന്നെ അവര്‍ എന്നെ നോക്കിക്കൊണ്ട് ഹിന്ദിയില്‍ പറഞ്ഞു, തോ ഫിര്‍ തും രജനേതോകോ ക്യാ ഫായിദാ? (പിന്നെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ എന്താണ് ചെയ്യുന്നത്?)
ഇത്തരത്തിലുള്ള പ്രതീക്ഷകളാണ് നമുക്കുള്ളത്, അവര്‍ അന്ന് എന്നോട് രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. ആ ദിവസം മുതല്‍ ഞാന്‍ ആ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു
1. തോ ഫിത്ര്‍ തും രാജ്‌നേത ഇദര്‍ ക്യോ ചക്കര്‍ കത്ത് രഹേഹോ?
2. തും രാജനേതാ കാ ക്യാ ഫായിദാ ഹെ?


ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഞാന്‍ ഇവിടെ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നത്. ഞാന്‍ എന്തിന് ഇവിടെ വന്നു ?
ഒപ്പം ഞാന്‍ എന്താണ് നേടാന്‍ ശ്രമിക്കുന്നത്? ഇന്നു ഞാന്‍ നിങ്ങളോടൊപ്പം ബഹ്‌റൈനില്‍ ആണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് എന്റെ രാജ്യത്തിന് നിങ്ങള്‍ എത്രമാത്രം വേണ്ടപ്പെട്ടവര്‍ ആണെന്ന് പറയുവാനാണ് വന്നത്. നിങ്ങള്‍ വളരെ പ്രധാനപ്പെട്ടവരാണ്, അങ്ങ് നമ്മുടെ നാട്ടില്‍ വളരെയധികം പ്രശ്‌നങ്ങള്‍ നടക്കുന്നു, ആ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങള്‍. ഇവിടെയോ ഈ ലോകത്ത് എവിടെയായിരുന്നാലും നിങ്ങള്‍ നിങ്ങളുടെ നാടുമായി ഒരു പാലം നിര്‍മിക്കണം എന്ന് ഓര്‍മിപ്പിക്കാനാണ് ഞാന്‍ വന്നത്. എല്ലാ സമുദായത്തില്‍പ്പെട്ടവരെയും എല്ലാ മതത്തില്‍പ്പെട്ടവരെയും ഐക്യത്തോടെ ജീവിക്കാന്‍ പഠിപ്പിച്ച, അതിനായി പിറവിയെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ആദ്യം മുതല്‍ അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇതിനായാണ് നമ്മള്‍ എല്ലാവരും രാഷ്ട്രീയത്തിലേക്ക് വന്നത്, ഇതായിരിക്കും അവസാനം വരെ നമ്മുടെ ലക്ഷ്യവും. ഇത്തരം പാലങ്ങളുടെ നിര്‍മാണമാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ ദുര്‍ഘട ഘട്ടങ്ങളില്‍ നമ്മള്‍ പരീക്ഷിച്ചു വിജയിച്ച കാഴ്ചപ്പാടാണ് ഇത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിച്ച് വിജയിച്ച കാഴ്ചപ്പാടാണ് ഇത്. അതിനാല്‍ മറ്റേതിനേക്കാളും ഇതിനു വ്യക്തമായ മുന്‍തൂക്കം ഉണ്ടാകും. ഇതിന് എന്‍.ആര്‍.ഐ വിഭാഗത്തിന് ഇടയിലും ശക്തമായ വേരോട്ടമുണ്ട്.


ആളുകള്‍ ഓര്‍ക്കുന്നില്ലായിരിക്കാം. പക്ഷേ, നമ്മുടെ പ്രമുഖ നേതാക്കള്‍ അത് മഹാത്മാഗാന്ധിയായാലും അംബേദ്കറായാലും ജവഹര്‍ലാല്‍ നെഹ്‌റു ആയാലും ഇവരെല്ലാം ജീവിതത്തില്‍ വിദേശ ജീവിതം നയിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ. നൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി, അദേഹം തനിച്ചായിരുന്നില്ല. അദ്ദേഹത്തോടൊപ്പം ദാര്‍ശനികരുടെ ഒരു ചെറുസംഘമുണ്ടായിരുന്നു. ഓരോരുത്തരും അവരുടെ മേഖലകളില്‍ മിടുക്കന്‍മാര്‍, അവര്‍ ഒരുമിച്ചുനിന്ന് ഈ ലോകത്തെ വരും തലമുറകളെ പ്രചോദിപ്പിച്ചു. ഒരു ഇന്ത്യന്‍ കാഴ്ചപ്പാട് നിര്‍മിക്കാന്‍ അവര്‍ സഹായിച്ചു. ആ കാഴ്ചപ്പാട് ഒരു ജാതിക്കോ ഒരു മതത്തിനോ, ഒരു സംസ്ഥാനത്തിനോ വേണ്ടിയല്ല. അത് ഒരു രാജ്യത്തിന് വേണ്ടിയുള്ള ദര്‍ശനമായിരുന്നു. ഈ ഭൂമിയിലെ ഓരോ മനുഷ്യനും അംഗീകരിക്കുന്ന ദര്‍ശനം. ഏതൊരു മനുഷ്യന്റെയും ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്തെന്നാല്‍, അവന്‍ ആരാണെന്നും അവന്‍ എവിടെനിന്നു വരുന്നു എന്നും അവനറിയാം. നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്? ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ധീരരായ ദാര്‍ശനികരായ പുരുഷന്‍മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നുമാണ് നമ്മള്‍ ജനിച്ചത്. നൂറ്റാണ്ടുകളായി ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ വെല്ലുവിളിക്കാനുള്ള ആശയവും ധൈര്യവും വന്നത് മഹാത്മാ ഗാന്ധിയില്‍ നിന്നാണ്. അംബേദ്കര്‍ ജിയില്‍ നിന്നാണ്. അവരെല്ലാം എന്‍.ആര്‍. ഐകളായിരുന്നു.


അവര്‍ നിങ്ങളെപോലെ പുറംലോകവുമായി ശക്തമായ ബന്ധങ്ങള്‍ ഉള്ളവരായിരുന്നു.നിങ്ങളെപോലെ അവര്‍ വിദേശത്ത് ജീവിക്കുകയും അവരുടെ പീഡകരുടെ ബലഹീനതകള്‍ മനസിലാക്കുകയും ചെയ്തു. അവര്‍ വിദേശത്ത് ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തു. അവരുടെ സേവനം രാജ്യത്തിന് ആവശ്യമായ കൃത്യസമയത്ത് അവര്‍ സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുവന്ന് സ്വന്തം ജനതക്കായി അവര്‍ യുദ്ധം ചെയ്തു.


ഇന്ന് ഇന്ത്യ സ്വതന്ത്രമാണ്. പക്ഷേ, അത് വീണ്ടും ഭീഷണി നേരിടുകയാണ്. ഇന്ന് നമ്മുടെ രാജ്യം രണ്ടു വ്യക്തമായ ഭീഷണികള്‍ നേരിടുന്നതായി കാണാം. ഒന്നാമതായി, നമ്മുടെ ഗവണ്‍മെന്റിന് ജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. നമ്മുടെ പ്രധാന എതിരാളി, ചൈന ഓരോ 24 മണിക്കൂറും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ഇന്ത്യ നിലവില്‍ അതേസമയം 400 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നത്.


ഇത് ഒരു പ്രധാന സംഖ്യയാണ്. അത് ഞാന്‍ വേറൊരു രീതിയില്‍ പറയാം. ചൈന രണ്ടു ദിവസം കൊണ്ട് ചെയ്യുന്നത് ചെയ്യാന്‍ ഇന്ത്യക്ക് ഒരു വര്‍ഷം വേണ്ടി വരുന്നു. ഇത് എന്റെ കണക്കുകളല്ല. ഇന്ത്യന്‍ ഗവണ്മെന്റിന്റെ കണക്കുകളാണ്. നമ്മുടെ പാര്‍ലമെന്റില്‍ ഒരു മന്ത്രിതന്നെയാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
ഇന്ത്യയില്‍ തൊഴിലവസരം സൃഷ്ടിക്കുന്നത് 8 വര്‍ഷത്തെ കുറഞ്ഞ നിരക്കിലാണ്. വിദേശ നിക്ഷേപങ്ങള്‍ 13 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ബാങ്ക് വായ്പാ നിരക്ക് 63 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
ഇന്ത്യയിലെ സാധാരണക്കാരില്‍ പലരും കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം ഏകപക്ഷീയമായ ചില തീരുമാനങ്ങള്‍ കാരണം അവര്‍ക്ക് നഷ്ടപ്പെട്ടത് പ്രശ്‌നങ്ങള്‍ വഷളാക്കി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തളര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇന്ത്യക്ക് ഇത് താങ്ങാന്‍ പറ്റില്ല എന്നത് വസ്തുതയാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഓരോ ദിവസവും 30,000 യുവാക്കള്‍ ഇന്ത്യയില്‍ തൊഴില്‍ വിപണയില്‍ വരുന്നു. ഈ യുവാക്കള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കാതെ ഇരുന്നാല്‍ അത് വന്‍ ദുരന്തത്തിലേക്ക് നയിക്കും.തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ഇത് ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ വളരെയധികം ക്ഷോഭവും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. യുവാക്കള്‍ വളരെ ലളിതമായ ഒരു ചോദ്യം ചോദിക്കുകയാണ്. ഭാവിയില്‍ എന്തു ചെയ്യണം? ഈ ക്ഷോഭം തെരുവുകളില്‍ കാണാന്‍ കഴിയും, അത് അതിവേഗം വളരുകയാണ്.
ജനങ്ങളുടെ ശ്രദ്ധ ദാരിദ്ര്യ നിര്‍മാര്‍ജനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുക എന്നതില്‍ നിന്നു വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയ നിലവാരത്തിലേക്ക് മാറിയിരിക്കുന്നു എന്നതാണ് നാട് നേരിടുന്ന യഥാര്‍ഥ വിപത്ത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമ്മള്‍ കഷ്ടപ്പെടുകയാണ് എന്ന് സമ്മതിക്കാതെ, രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തി പ്രശ്‌നങ്ങളെ നേരിടാതെ രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയുള്ളില്‍ ജാതീയവും മതപരവുമായ വിദ്വേഷം സൃഷ്ടിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. ദുരന്തമെന്തെന്നാല്‍, ഇന്ന് നമ്മുടെ രാജ്യത്തെ സംഭാഷണങ്ങള്‍ തൊഴില്‍, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവയെ പറ്റിയല്ല,


ഇന്ന് ഇന്ത്യ സംസാരിക്കുന്ന കാര്യം എന്തെന്നാല്‍ എന്ത് ഭക്ഷണമാണ് നമ്മള്‍ക്ക് കഴിക്കാന്‍ അനുവാദം ഉള്ളത്, പ്രതിഷേധിക്കാന്‍ ആര്‍ക്കാണ് അവകാശം,നമുക്ക് എന്ത് പറയാം എന്ത് പറയാന്‍ പറ്റില്ല എന്നതാണ്. പൊതുപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്നു. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ അവര്‍ വെടിയേറ്റ് മരിക്കുന്നു. ആളുകള്‍ അവരുടെ മതവിശ്വാസങ്ങള്‍ കാരണം കൊല്ലപ്പെടുന്നു.ദലിതരെ മര്‍ദിച്ച് കീഴടക്കുന്നു. സെന്‍സിറ്റീവായ കേസുകള്‍ അന്വേഷിക്കുന്ന ന്യായാധിപന്‍മാര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിക്കുന്നു. ഇതിനെ പറ്റി സര്‍ക്കാരിന് ഒന്നും പറയാനില്ല. സുഹൃത്തുക്കളെ, ഇന്ത്യ അതിന്റെ പുരോഗതിയുടെ പാതയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മള്‍ വിശ്വസിച്ചു വന്നിരുന്ന നമ്മുടെ തത്വശാസ്ത്രങ്ങളില്‍നിന്നും നമ്മെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ വൃത്തികെട്ട ശ്രമങ്ങള്‍ നാട്ടിലും അതുപോലെ വിദേശത്തുമുള്ള ഇന്ത്യക്കാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
ഇത് നിങ്ങളില്ലാതെ വിജയിക്കാന്‍ കഴിയാത്ത ഒരു പോരാട്ടമാണ്. നമ്മളെയും നമ്മള്‍ സ്‌നേഹിച്ച ആശയങ്ങളെയും തിരികെ കൊണ്ടുവരാനുള്ള ഒരു പോരാട്ടമാണിത്. ഇതിനെല്ലാം നിങ്ങളെ എനിക്കാവശ്യമുണ്ട്. നിങ്ങളുടെ ആശയങ്ങള്‍, നിങ്ങളുടെ തുറന്ന മനസ്സ്, നിങ്ങളുടെ കഴിവുകള്‍, നിങ്ങളുടെ സഹിഷ്ണുത, നിങ്ങളുടെ രാജ്യസ്‌നേഹം ഇതെല്ലാം ഇന്ന് ഇന്ത്യക്ക് അത്യാവശ്യമാണ്.


നിങ്ങള്‍ ഞങ്ങള്‍ക്ക് ലോകം കാണിച്ചു തന്നു. നിങ്ങള്‍ യാത്രകള്‍ ചെയ്തു വന്നു. ഇത്തരം രാജ്യങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. നിങ്ങള്‍ വിവിധ ദേശത്തെ ആളുകളോടൊപ്പം തങ്ങിയിട്ടുണ്ട്, വ്യത്യസ്ത മതങ്ങള്‍, വ്യത്യസ്ത തത്വങ്ങള്‍, എന്നിവ അനുഭവിച്ചിട്ടുണ്ട് . നിങ്ങള്‍ അവരില്‍ നിന്ന് പലതും പഠിക്കുകയും നമ്മുടെ മഹത്തായ ഇന്ത്യന്‍ പൈതൃകവും പാരമ്പര്യവും അവരെ പഠിപ്പിക്കുകയും ചെയ്തു.ലോകത്തെ ഏതു രാജ്യത്തേക്കാളും വൈവിധ്യം ഇന്ന് ഇന്ത്യക്കുണ്ട്. ഏതാണ്ട് 16 ലക്ഷത്തില്‍ അധികം ഇന്ത്യന്‍ വംശജരാണ് വിദേശത്തു താമസിക്കുന്നത്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഇവിടെ ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പണമിടപാട് നടക്കുന്ന രാജ്യവും ഇന്ത്യയാണ്. നിങ്ങള്‍ ഏതാണ്ട് 70 ബില്ല്യന്‍ ഡോളര്‍ ഇന്ത്യയിലേക്ക് അയക്കുന്നു, അത് ജിഡിപിയുടെ 3.5% ആണ്.ആഗോളതലത്തില്‍ വന്‍തോതില്‍ സമ്പത്ത് സൃഷ്ടിക്കുന്നതും നിങ്ങളുടെ ന്യായമായ പങ്കിന്റെ മൂന്നിരട്ടിയോളം തുക ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് എത്തിക്കുന്നതും നിങ്ങളാണ്. ഇന്ത്യക്ക് ലോകമെമ്പാടുനിന്നും ലഭിക്കുന്ന പണത്തിന്റെ പകുതിയില്‍ അധികം ഗള്‍ഫ് രാജ്യങ്ങളിലെ എന്‍.ആര്‍.ഐകള്‍ അയക്കുന്നു. നിങ്ങളില്‍ പലരുടെയും പൂര്‍വികര്‍ ഈ രാജ്യങ്ങളിലേക്ക് വന്നത് ചില സ്വപ്നങ്ങള്‍ മാത്രമായിട്ടാണ്.
നമ്മളുടെ സംഭാഷണം അക്രമത്തില്‍ നിന്നും വെറുപ്പില്‍ നിന്നും മാറ്റി പുരോഗതിയിലേക്കും ജോലിയിലേക്കുംതൊഴില്‍ അവസരങ്ങളെ കുറിച്ചും പരസ്പര സ്‌നേഹത്തിലേക്കും എത്തിക്കുക. ഇവിടെ കൂടിയ നിങ്ങളെ പോലുള്ള ആളുകള്‍ ഇല്ലാതെ ഞങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ വന്നത് സംസാരിക്കാനല്ല, നിങ്ങളോട് ഒരു സഹായം അഭ്യര്‍ഥിക്കാനാണ്. നിങ്ങളുടെ മാര്‍ഗനിര്‍ദേശവും കഴിവുകളും വിശ്വാസവും ചോദിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഈ ശക്തികളെ നേരിടാന്‍ ഞങ്ങളെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, പണ്ട് 1947ല്‍ നിങ്ങളുടെ പൂര്‍വികര്‍ നമ്മള്‍ സ്‌നേഹിച്ചു വളര്‍ത്തിയ ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാന്‍ വന്നതുപോലെ.നന്ദി. ഇത്രയുമായിരുന്നു രാഹുലിന്റെ പ്രഭാഷണം. തുടര്‍ന്ന് സദസ്സുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇതിലൂടെ നിരവധി പേരാണ് രാഹുലിന്റെ ഭാവി പദ്ധതികളെ കുറിച്ചും നയനിലപാടുകളെ പറ്റിയും ചോദിച്ചറിഞ്ഞത്. രാഹുല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ പ്രധാനമായും എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കുക എന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി ഭാവി ഇന്ത്യയുടെ പ്രതീക്ഷകളും ആശകളും നിറഞ്ഞൊഴുകുന്നതായിരുന്നു.


താന്‍ പ്രധാനമന്ത്രിയായാല്‍ പുതിയ തൊഴിലവസരങ്ങള്‍, നിലവാരമുള്ള വിദ്യാഭ്യാസം, മികച്ച ചികിത്സ എന്നിവക്ക് പ്രാധാന്യം നല്‍കുമെന്നും ഇന്ത്യയുടെ പാരമ്പര്യം സംരക്ഷിക്കാനാവുന്നതെല്ലാം ചെയ്യുമെന്നായിരുന്നു അദ്ധേഹത്തിന്റെ പ്രഖ്യാപനം. ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് ഈ പ്രഖ്യാപനം ഏറ്റെടുത്തത്. കൂടാതെ ആറുമാസത്തിനകം തിളക്കമുള്ള ഇന്ത്യയെ സമ്മാനിക്കുമെന്ന് മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലായി അദ്ധേഹം ഉറപ്പ് നല്‍കി. ബഹ്‌റൈന്റെ അതിഥിയായി എത്തിയ അദ്ദേഹം ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അടക്കമുള്ള പ്രമുഖ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രവാസികള്‍ക്കു മുമ്പിലായാല്‍ വര്‍ത്തമാന ഇന്ത്യക്ക് നല്ല പുലരിയുടെ ഒരായിരം പ്രതീക്ഷകളാണ് രാഹുല്‍ പറഞ്ഞുവച്ചത്. അത് സഫലമാകുമെന്നു തന്നെ നമുക്കും പ്രതീക്ഷിക്കാം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago