ശരീരം തളര്‍ന്നപ്പോഴും മനസ് തളര്‍ന്നില്ല ശ്രീജിത്തിന് ഇനി ബാക്കിയുള്ളത് ജീവന്റെ തുടിപ്പ് മാത്രം
തിരുവനന്തപുരം: അനിയന്റെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രീജിത്ത് വേണ്ടെന്നുവച്ചത് ശരീരം മാത്രമല്ല സ്വന്തം ജീവിതം കൂടിയാണ്. 2005-2007 കാലഘട്ടത്തില്‍ 65 കിലോ വിഭാഗം ശരീരസൗന്ദര്യ മത്സരങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്ന ശ്രീജിത്ത് ഇന്ന് ജീവന്റെ തുടിപ്പ് മാത്രം ആവശേഷിക്കുന്ന ശരീരവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുകയാണ്.
തിരുവനന്തപുരം ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷനും സംസ്ഥാന ബോഡി ബില്‍ഡിങ് അസോസിയേഷനും സംഘടിപ്പിച്ച വിവിധ ശരീരസൗന്ദര്യ മത്സരങ്ങളില്‍ ശ്രീജിത്ത് വാരിക്കൂട്ടിയ സമ്മാനങ്ങളും നിരവധിയാണ്.
765 ദിവസമായി മഴയും വെയിലുമേറ്റ് തുടരുന്ന സമരത്തിനിടെ ഇയാള്‍ മുട്ടാത്ത വാതിലുകളില്ല. സമീപിക്കാത്ത രാഷ്ട്രീയ നേതാക്കളില്ല. ഇപ്പോള്‍ മൂത്രത്തില്‍കൂടി രക്തം വരുന്ന, പലപ്പോഴും ഓര്‍മ നഷ്ടമാകുന്ന, ശോഷിച്ച ശരീരമുള്ള അവസ്ഥയിലാണ് ശ്രീജിത്ത്. ലോക്കപ്പ് കൊലകളിലെ പുറംലോകം അറിഞ്ഞ അവസാനത്തേത് ശ്രീജിവിന്റേതാണ്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് ശ്രീജിത്തിന്റെ ചോദ്യം.
സി.ബി.ഐ അന്വേഷണം അംഗീകരിക്കും വരെ സമരം തുടരുമെന്ന ശ്രീജിത്തിന്റെ വാക്കുകളിലെ നിശ്ചയദാര്‍ഢ്യം പിന്തുണയര്‍പ്പിച്ച് എത്തിയവരിലേക്കും പകരുന്ന കാഴ്ചയാണ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നില്‍ ദൃശ്യമായത്. സംസ്ഥാന സര്‍ക്കാരിനു ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്ന് പറയുമ്പോഴും വര്‍ധിച്ചുവരുന്ന ജനപിന്തുണ ഇപ്പോള്‍ ശ്രീജിത്തിന് മുന്നില്‍ പ്രതീക്ഷയുടെ പുതിയ വാതിലുകള്‍ തുറന്നിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."