മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവ് എടുത്ത വാഹന വായ്പ സ്വകാര്യ ബാങ്ക് അധികൃതര്‍ വീട് പൂട്ടിയതായി പരാതി
കൊല്ലം: മരിക്കുന്നതിന് മുന്‍പ് ഭര്‍ത്താവ് എടുത്ത വായ്പയുടെ പേരില്‍ കൊട്ടിയം പുല്ലിച്ചിറയില്‍ സ്വകാര്യ ബാങ്ക് അധികൃതര്‍ വിധവയെയും കുടുംബത്തെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടതായി പരാതി.
മുത്തൂറ്റിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വീട് പൂട്ടിയ ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാതില്‍ പൊളിച്ച് കുടുംബത്തെ വീട്ടില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പുല്ലിച്ചിറ സ്വദേശി അന്തരിച്ച രാജേഷ് ആന്റണിയുടെ കുടുംബത്തെയാണ് വായ്പയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടത്. 2010ലാണ് ടിപ്പര്‍ ലോറി വാങ്ങുന്നതിനായി ആന്റണി മുത്തൂറ്റില്‍നിന്ന് വായ്പ എടുത്തത്. 2011ല്‍ അദ്ദേഹം മരിച്ചു. ഇതോടെ രാജേഷിന്റെ കുടുംബം ബാങ്കിന് ലോറി കൈമാറുകയായിരുന്നു. ഇതോടെ ഇടപാടുകള്‍ അവസാനിച്ചെന്നാണ് കരുതിയതെന്ന് രാജേഷിന്റെ ഭാര്യ അമല പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ ദിവസം രാജേഷ് ആന്റണിയുടെ വൃദ്ധ മാതാവ് മാത്രമുള്ള സമയത്ത് വീട്ടിലെത്തിയ ബാങ്ക് അധികൃതര്‍ വീട് പൂട്ടിപ്പോവുകയായിരുന്നു. വീടിന്റെ ആധാരം ഉമയനല്ലൂര്‍ സഹകരണ ബാങ്കില്‍ പണയത്തിലിരിക്കുകയാണെന്നും ബാങ്ക് തട്ടിപ്പ് നടത്തുകയാണെന്നും അമലാ രാജേഷ് പറഞ്ഞു.
അതേസമയം, കോടതി വിധി പ്രകാരമുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നാണ് മുത്തൂറ്റ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."