മാനവീയം തെരുവ് സാംസ്കാരികോത്സവം നാളെ മുതല്‍
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാനവീയം തെരുവ് പുസ്തകോത്സവത്തിനും സാംസ്കാരികോത്സവത്തിനും നാളെ തുടക്കമാവും. രാവിലെ 10ന് മേയര്‍ അഡ്വ. വി.കെ പ്രശാന്ത് പുസ്തക സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി എ.കെ ബാലന് സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കവയത്രി സുഗതകുമാരി നിര്‍വഹിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, പ്രൊഫ. വി. മധുസൂദനന് നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൈകിട്ട് ഏഴിന് 'തെരുവ്, കല, സംസ്കാരം' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദം പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഭാരത് ഭവന്റെ നേതൃത്വത്തില്‍ ദ്രാവിഡ കലയായ തെരുക്കൂത്ത് അരങ്ങേറും.
ഒമ്പതിന് വൈകിട്ട് ആറിന് കലയും സാംസ്കാരവും മാധ്യമങ്ങളില്‍ എന്ന വിഷയത്തില്‍ സംവാദം നടക്കും. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംവാദത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുവനന്തപുരം തിയറ്റര്‍ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്ന കാക്ക എന്ന നാടകവും ഈണം മലയാളം എന്ന സംഗീതപരിപാടിയും നടക്കും. 10ന് വൈകിട്ട് ആറിന് ആരോഗ്യം, പരിസ്ഥിതി, അതിജീവനം എന്ന വിഷയത്തില്‍ നടത്തുന്ന സംവാദം എന്‍.എസ് മാധവന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം എട്ട് മുതല്‍ അറബനമുട്ട്, ദഫ്മുട്ട്, മൈംഷോ എന്നിവ അരങ്ങേറും.
11ന് രാവിലെ 10ന് നടക്കുന്ന 'ഡിജിറ്റല്‍ മാധ്യമങ്ങളിലെ സാംസ്കാരിക വിനിമയങ്ങള്‍' സംവാദം സിനിമ സംവിധായകന് ഡോ. ബിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് വിനയചന്ദ്ര സായന്തനം എന്ന പേരില്‍ വിനയചന്ദ്രന് അനുസ്മരണം നടക്കും. തുടര്‍ന്ന് പ്രമുഖ കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും ട്രാന്‍സ്ജെന്റേഴ്സ് ഫെസ്റ്റും നടക്കും.
12ന് വൈകിട്ട് 5.30 മുതല്‍ ഒ.എന്‍.വി സ്മൃതി നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഡോ. ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ. മുരളീധരന് എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. രാത്രി എട്ട് മുതല്‍ മാനവീയം തെരുവോരക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയും നടക്കും.
പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ തെരുവുത്സവം എന്ന പേരില്‍ ചുവര്‍ചിത്രരചന, വാദ്യോപകരണ സംഗീതം, മാജിക് ഷോ, കാരിക്കേച്ചര്‍, വനിതകള്‍ക്ക് സൈക്ലിംഗ് പരിശീലനം, നാടന്‍പാട്ട് മത്സരം എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."