കേരളം കര്‍ണാടകയോടും തോറ്റു
വിഴിനഗരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ കേരളത്തിന് തോല്‍വി. കര്‍ണാടകക്കെതിരായ പോരാട്ടത്തില്‍ 20 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ കേരളത്തിന്റെ പോരാട്ടം 19.2 ഓവറില്‍ 161 റണ്‍സില്‍ അവസാനിപ്പിച്ചാണ് കര്‍ണാടക വിജയം സ്വന്തമാക്കിയത്. ഇത്തവണയും കേരളത്തിന് മികച്ച തുടക്കം കിട്ടിയിട്ടും ഓപണര്‍മാര്‍ ഒഴികെയുള്ളവര്‍ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. ഓപണര്‍മാരായ സഞ്ജു സാംസണ്‍ 41 പന്തില്‍ 71 റണ്‍സും സഹ ഓപണര്‍ വിഷ്ണു വിനോദ് 26 പന്തില്‍ 46 റണ്‍സെടുത്ത് മിന്നല്‍ തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ ചേര്‍ത്തത് 109 റണ്‍സ്. സ്‌കോര്‍ 128ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റായി സഞ്ജുവും മടങ്ങിയതോടെ കേരളം തകര്‍ച്ചയും തുടങ്ങി. പിന്നീട് ചടങ്ങ് തീര്‍ക്കേണ്ട ബാധ്യതയേ കര്‍ണാടകയ്ക്കുണ്ടായുള്ളു. അവസാന എട്ട് വിക്കറ്റുകള്‍ കേരളം 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ കളഞ്ഞാണ് തോല്‍വി ഇരന്നു വാങ്ങിയത്. കര്‍ണാടകയ്ക്കായി പ്രവീണ്‍ ഡുബെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി കര്‍ണാടക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണര്‍ മയാങ്ക് അഗര്‍വാളിന്റെ മികച്ച ബാറ്റിങാണ് കര്‍ണാടകയ്ക്ക് പൊരുതാകുന്ന സ്‌കോര്‍ സമ്മാനിച്ചത്. താരം 58 പന്തില്‍ 86 റണ്‍സെടുത്തു. സമര്‍ത് (27), കെ ഗൗതം (21) എന്നിവരും ചെറുത്തുനിന്നു. കേരളത്തിനായി കെ.എം ആസിഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."