ആസ്‌ത്രേലിയയെ തകര്‍ത്ത് ഇന്ത്യ ഉജ്ജ്വലമായി തുടങ്ങി
മൗണ്ട് മൗന്‍ഗനൂയി: ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തില്‍ ത്രസിപ്പിക്കുന്ന തുടക്കമിട്ട് ഇന്ത്യ. കരുത്തരായ ആസ്‌ത്രേലിയക്കെതിരേ 100 റണ്‍സിന്റെ മിന്നും വിജയമാണ് ദ്രാവിഡിന്റെ ശിഷ്യര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സ് അടിച്ചെടുത്തു. വിജയം തേടിയിറങ്ങിയ ഓസീസിന്റെ പോരാട്ടം 42.5 ഓവറില്‍ 228 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയത്തുടക്കമിട്ടത്. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ശിവം മവി, കെ.എല്‍ നഗര്‍കോടി എന്നിവര്‍ തിളങ്ങി. ഓസീസിനായി ഓപണര്‍ എഡ്വേര്‍ഡ്‌സ് 73 റണ്‍സുമായി ടോപ് സ്‌കോററായി. മെരിയോ (38), വാലറ്റത്ത് ഹോള്‍ട് (39), ഓപണര്‍ ബ്രിന്‍ഡ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനും ഓപണറുമായ പ്രഥ്വി ഷായുടെ മികച്ച ബാറ്റിങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപണിങ് വിക്കറ്റില്‍ ഷാ- മന്‍ജോത് കല്‍റ എന്നിവര്‍ ചേര്‍ന്ന് 180 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.
100 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം പ്രിഥ്വി ഷ 94 റണ്‍സെടുത്തു. അര്‍ഹിച്ച സെഞ്ച്വറി നായകന് നഷ്ടമായത് മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയ ഏക കാര്യം. കല്‍റ 86 റണ്‍സെടുത്തു. വണ്‍ഡൗണായി ക്രീസിലെത്തിയ ശുബ്മന്‍ ഗിലും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 54 പന്തില്‍ 63 റണ്‍സെടുത്തു. ആസ്‌ത്രേലിയക്കായി എഡ്വേര്‍ഡ്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. പ്രഥ്വിയാണ് കളിയിലെ താരം. നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ പപുവ ന്യൂ ഗ്വിനിയയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."