കയ്യിട്ടാപൊയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു
മുക്കം: മുക്കം നഗരസഭയിലെ കയ്യിട്ടാപൊയിലില്‍ പുതുതായി ആരംഭിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലയ്‌ക്കെതിരേ യു.ഡി.എഫ് നല്‍കിയ പ്രമേയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
കൗണ്‍സിലര്‍ വി. ഗിരിജ ജനുവരി 30നു തന്നെ ഇതുസംബന്ധിച്ച് നഗരസഭ കൗണ്‍സിലില്‍ പ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. എന്നാല്‍ ഇന്നലെ നടന്ന ഭരണസമിതി യോഗത്തില്‍ പ്രമേയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താന്‍ ചെയര്‍മാന്‍ തയാറായില്ല.
എന്നാല്‍ ഇതിന്റെ കാരണം സഹിതം മറുപടി നല്‍കണമെന്നിരിക്കെ ഇതുപോലും ചെയ്തില്ലെന്നും ചെയര്‍മാന്‍ ഏകാധിപതിയെ പോലെ പെരുമാറുകയാണെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
യു.ഡി.എഫ് അംഗം നല്‍കിയ പ്രമേയത്തിന് അനുമതി നിഷേധിച്ച് കയ്യിട്ടാപൊയിലില്‍ മാത്രം മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് സി.പി.എം അംഗം നല്‍കിയ പ്രമേയം അംഗീകരിക്കുകയും ചെയ്തതായി യു.ഡി.എഫ് ആരോപിച്ചു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സി.പി.എം പ്രമേയമെന്നും കയ്യിട്ടാപൊയിലില്‍ നിന്നു മദ്യശാല മാറ്റി നഗരസഭയിലെ മറ്റൊരിടത്ത് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ സി.പി.എം ശ്രമം നടത്തുന്നതായും യു.ഡി.എഫ് ആരോപിച്ചു.
നഗരസഭാ ഭരണാധികാരികളുടെ ഇത്തരം നയങ്ങള്‍ക്കെതിരേ വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. ടി.ടി സുലൈമാന്‍, പി.കെ മുഹമ്മദ്, ഇ.പി അരവിന്ദന്‍, ഹമീദ് മുത്താലം, എം.കെ ബുഷ്‌റ, എം. സീനത്ത്, റഹ്മത്ത്, വി. ഗിരിജ, സൈനബ കല്ലുരുട്ടമ്മല്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."