സോളാര്‍ കേസില്‍ അന്വേഷണ കമ്മിഷന്‍ പരിധി ലംഘിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം നടത്തിയ സോളാര്‍ കമ്മിഷന്‍ പരിധി ലംഘിച്ചിട്ടില്ലെന്നും അന്വേഷണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും കമ്മിഷന്റെ നടപടികളെ ചോദ്യം ചെയ്യാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ മുഖം രക്ഷിക്കാനാണ് ഹരജി നല്‍കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് കമ്മിഷനെ നിയോഗിച്ചതെന്നു സത്യവാങ്മൂലം പറയുന്നു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം വേണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെടുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു പ്രസക്തിയുമില്ല.
വിശ്വാസ്യത ഇല്ലാത്തയാളെന്ന് കോടതി നിരീക്ഷിച്ച സോളാര്‍ കേസിലെ പ്രതിയുടെ മൊഴി അംഗീകരിക്കാനാവില്ലെന്ന വാദം നിലനില്‍ക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
എല്‍.ഡി.എഫ് നല്‍കിയ നിവേദനം, സിറ്റിസണ്‍ ഫോറത്തിന്റെ പരാതി, നിയമസഭയ്ക്കകത്തും പുറത്തുമുണ്ടായ ആരോപണങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ കമ്മിഷന് കൈമാറിയിരുന്നു. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകളും നല്‍കി. ഇവയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ അന്വേഷണ വിഷയങ്ങള്‍ നിജപ്പെടുത്തിയത്. കമ്മിഷന്റെ അന്വേഷണ വിഷയങ്ങള്‍ വ്യക്തമാക്കി ഉത്തരവുമിറക്കിയിരുന്നു. ഇതൊന്നും കമ്മിഷന്റെ പ്രവര്‍ത്തന കാലത്തോ റിപ്പോര്‍ട്ട് നല്‍കിയപ്പോഴോ ഹരജിക്കാരന്‍ എതിര്‍ത്തിരുന്നില്ല. സരിതയുടെ കത്ത് അന്വേഷണത്തിന്റെ ഭാഗമായിരുന്നില്ലെന്ന വാദം തെറ്റാണ്. ഹരജിക്കാരനെ ഏഴു ദിവസത്തോളം വിസ്തരിച്ചപ്പോള്‍ രഹസ്യ വിചാരണ വേണോ എന്ന് കമ്മിഷന്‍ ആരാഞ്ഞിരുന്നു. എന്നാല്‍, ഹരജിക്കാരന്‍ അതു വേണ്ടെന്ന് മറുപടി നല്‍കി. ഇതിനുശേഷം കമ്മിഷന്റെ നടപടികളും റിപ്പോര്‍ട്ടും തന്റെ അന്തസിനെ ബാധിക്കുന്നുവെന്ന ഹരജിക്കാരന്റെ ആരോപണം ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ ഹരജി ഫെബ്രുവരി ഏഴിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."