വൈറ്റില മൊബിലിറ്റി ഹബ്ബ്: രണ്ടാംഘട്ട വികസനം ഹരിതമാതൃകയില്‍
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനത്തിന് ഹരിത മാതൃക അവലംബിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന മൊബിലിറ്റി ഹബ്ബ് സൊസൈറ്റിയുടെ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. ഗതാഗതം സംബന്ധിച്ച ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മിതികള്‍ പരിമിതപ്പെടുത്താനുമാണ് തീരുമാനം.
കഴിയുന്നത്ര തുറസായ സ്ഥലം നിലനിര്‍ത്തി പരിസ്ഥിതി സൗഹൃദപരമായാണ് മൊബിലിറ്റി ഹബ്ബിന്റെ വികസനം നടപ്പാക്കുകയെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മേയര്‍ സൗമിനി ജയന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ തുടങ്ങിയവര്‍ ഗവേണിങ് ബോഡി യോഗത്തില്‍ പങ്കെടുത്തു. മൊബിലിറ്റി ഹബ്ബിന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കുന്നതിനുള്ള വിവിധ മാതൃകകള്‍ സംബന്ധിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നു.
ഫ്രഞ്ച് വികസന ഏജന്‍സി (എ.എഫ്.ഡി), കിഫ്ബി എന്നിവയടക്കമുള്ള ഏജന്‍സികളില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിന്റെ സാധ്യതകളും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."