എണ്ണ ആവശ്യം വന്‍തോതില്‍ ഉയരുമെന്ന് ഒപെക്; 2040 ല്‍ പ്രതിദിന ഉപഭോഗം 109 ദശലക്ഷം ബാരലാകും
റിയാദ്: ആഗോള വിപണിയില്‍ എണ്ണയുടെ ആവശ്യം വന്‍തോതില്‍ ഉയരുമെന്ന് പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. 2015 ല്‍ പ്രതിദിനം 93 ദശലക്ഷം ബാരല്‍ വേണ്ടിവന്നിടത്ത് 2040 ല്‍ 109 ദശലക്ഷം ബാരല്‍ ആവശ്യമായി വരും. എണ്ണയോടൊപ്പം പ്രകൃതിവാതക ഉപയോഗവും ഗണ്യമായി വര്‍ധിക്കും. 2040 ല്‍ 590 ബില്യണ്‍ ക്യുബിക് അടി പ്രകൃതി വാതകമാണ് ആവശ്യമായി വരികയെന്നാണ് കണക്കുകള്‍. 2015 ല്‍ ഇത് 350 ബില്യണ്‍ ക്യുബിക് അടി ആയിരുന്നുവെന്ന് ഒപെക് റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണ ഉപഭോഗം വര്‍ധിക്കുന്നതിനനുസരിച്ചു എണ്ണ ഉല്‍പാദന മേഖലയില്‍ വന്‍തോതില്‍ നിക്ഷേപവും ആവശ്യമായി വരും. 2040 വരെ വിപണിക്ക് ആവശ്യമായ ക്രൂഡ് ഓയിലിന് പത്ത് ട്രില്യണ്‍ ഡോളറും പ്രകൃതി വാതക ഉല്‍പാദന മേഖലയില്‍ ആറ് ട്രില്യണ്‍ ഡോളറും മുതല്‍മുടക്ക് വേണ്ടിവരുമെന്ന് ഒപെക് പറഞ്ഞു.
ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഒപെക് രാജ്യങ്ങള്‍ പ്രതിദിന ഉല്‍പാദനത്തില്‍ വന്‍തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഒപെക്കിനും സംഘടനക്ക് പുറത്തുമുള്ള രാജ്യങ്ങളുടെ ആകെ ഉല്‍പാദനത്തില്‍ പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവ് വരുത്തുന്നതിനാണ് നവംബര്‍ 30 ന് ഒപെക് രാജ്യങ്ങളുണ്ടാക്കിയ ധാരണ. ഈ കരാര്‍ പ്രകാരം ഏറ്റവും വലിയ ഉല്‍പാദക രാജ്യമായ സഊദി പ്രതിദിന ഉല്‍പാദനത്തില്‍ 4,86,000 ബാരലിന്റെ കുറവാണ് വരുത്തേണ്ടിയിരുന്നതെങ്കിലും 5,64,000 ബാരലിന്റെ അധിക കുറവാണ് വരുത്തിയത്. ധാരണയിലെത്തിയതിനെക്കാള്‍ 78,000 ബാരല്‍ കൂടുതലാണിത്.
ആഗോള വിപണിയില്‍ ഡിമാന്റും ലഭ്യതയും സന്തുലിതമാക്കുന്നതിനാണ് കരാറില്‍ നിശ്ചയിച്ചതിനെക്കാളും കൂടുതലായി ഉല്‍പാദനം കുറച്ചതെന്ന് സഊദി അറേബ്യ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."