സഊദിയില്‍ വേതന സുരക്ഷാ പദ്ധതി: പതിമൂന്നാം ഘട്ടം അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരും
റിയാദ്: സഊദിയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന വേതന സുരക്ഷാ നിയമത്തിന്റെ പതിമൂന്നാം ഘട്ടം അടുത്ത മാസം മുതല്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കരാര്‍ പ്രകാരമുള്ള വേതനം ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുന്ന വേതന സുരക്ഷാ പദ്ധതിയുടെ പുതിയ ഘട്ടമാണ് ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്നത്. 30 മുതല്‍ 39 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് 13 ആം ഘട്ടത്തില്‍ ഉള്‍പ്പെടുകയെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത്തരത്തില്‍ പതിനാലായിരത്തോളം സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 402447 തൊഴിലാളികള്‍ക്കാണ് 'വേതന സുരക്ഷ പദ്ധതി' പുതിയ ഘട്ടത്തില്‍ ഉള്‍പ്പെടുക. സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വേതന നിയമം നടപ്പിലാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഖാലിദ് ആബേല്‍ ഖൈല്‍ പറഞ്ഞു.
തൊഴിലാളികള്‍ക്ക് നിശ്ചിത സമയത്ത് ശമ്പളം നല്‍കിയിട്ടുണ്ടോ എന്ന്ഉറപ്പുവരുത്തുകന്ന പദ്ധതിയുടെ പന്ത്രണ്ടാം ഘട്ടം നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്നിരുന്നു. കൃത്യ സമയത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും ഓരോ തൊഴില്‍ മേഖലയിലെയും വേതന നിലവാരം നിര്‍ണ്ണയിക്കുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിശ്ചിത സമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് ഒരു തൊഴിലാളിക്ക് 3000 റിയാല്‍ വരെ പിഴ ഈടാക്കും. പദ്ധതി നടപ്പിലായി രണ്ടുമാസം കാല താമസം വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഒഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തി വെക്കും. മൂന്നും മാസം കഴിഞ്ഞാല്‍ വര്‍ക്ക് പെര്‍മിറ്റും തടയുകയും ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് അവസാനിച്ചിട്ടില്ലെങ്കില്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതിയും നല്‍കുന്നുണ്ട്.
സഊദി വിഷന്‍ 2030 ന്റെ ഭാഗമായുള്ള ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെ ഭാഗമായാണ് രാജ്യത്ത് വേതന സുരക്ഷാ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുകയാണ് ഇതിലൂടെ തൊഴില്‍ സാമൂഹിക മന്ത്രാലയം ലക്ഷ്യമിടുന്നത്. പതിനാറു ഘട്ടങ്ങളാണ് വേതന സുരക്ഷക്ക് നിശ്ചയിച്ചിരിക്കുന്നത്. 11 മുതല്‍ 14 വരെയുള്ള തൊഴിലാളികള്‍ക്കുള്ള സ്ഥാപനങ്ങളാണ് പതിനാറാം ഘട്ടത്തില്‍ ഉണ്ടാവുക. ഈ വര്‍ഷം നവംബറിലാണ് അവസാന ഘട്ടം നിലവില്‍ വരിക. 11 ല്‍ കുറവ് ജീവനക്കാരുടെ വേതന സുരക്ഷാ പദ്ധതി പിന്നീട് മന്ത്രാലയം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."