കാട്ടു തീ; ഫയര്‍ലൈന്‍ നിര്‍മാണത്തിന്റെ മറവില്‍ വനംവകുപ്പില്‍ വന്‍ അഴിമതി
നിലമ്പൂര്‍: കാട്ടുതീ തടയുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ നോര്‍ത്ത്-സൗത്ത് ഡിവിഷന്‍ പരിധികളില്‍ നടന്നുകൊണ്ടിരിക്കുന്ന ഫയര്‍ലൈന്‍ നിര്‍മാണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥ അഴിമതി വ്യാപകമാകുന്നു. പ്രവൃത്തിയുടെ അന്‍പത് ശതമാനം ഉദ്യോഗസ്ഥര്‍ക്കായി നല്‍കേണ്ടി അവസ്ഥയാണുള്ളതെന്ന് മേഖലയിലെ അംഗീകൃത വനംവകുപ്പ് കണ്‍വീനര്‍മാരില്‍ ചിലര്‍ പറയുന്നു.
40 ശതമാനം നല്‍കാമെന്ന് പറഞ്ഞെങ്കിലും 50ല്‍ കുറഞ്ഞ വിഹിതം പറ്റില്ലെന്ന നിലപാടാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി വനത്തിനുള്ളിലെ ഇത്തരം പ്രവൃത്തികള്‍ക്ക് കൃത്യമായ വിഹിതമാണ് ഉദ്യോഗസ്ഥര്‍ വാങ്ങുന്നത്. അതിനാല്‍ തന്നെ പ്രവൃത്തികള്‍ പലതും എസ്റ്റിമേറ്റ് പ്രകാരം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് കരാറുകാര്‍ക്ക്. ഉദ്യോഗസ്ഥരെ പിണക്കിയാല്‍ ബില്ല് ഒപ്പിട്ട് ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്ന ഭീതിയും ഇവര്‍ക്കുണ്ട്. ഒരു കിലോമീറ്റര്‍ ഫയര്‍ ലൈനിന് 19,200 രൂപയാണ് എസ്റ്റിമേറ്റില്‍ വകവെയ്ക്കുന്നത്. നിലമ്പൂര്‍ നോര്‍ത്ത്-സൗത്ത് ഡിവിഷന്‍ പരിധികളിലായി 43 വനസംരക്ഷണ സമിതികള്‍ ഉണ്ടെങ്കിലും ഉദ്യോഗസ്ഥന്‍മാരുടെ ബിനാമി കണ്‍വീനര്‍മാരാണ് പ്രവൃത്തി നടത്തുന്നത്.
വി.എസ്.എസ് ഉള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് തന്നെ പ്രവൃത്തി നല്‍കണമെന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഇതിന് കടകവിരുദ്ധമായി ഒരു വിഭാഗം ഉദ്യോഗസ്ഥന്‍മാരും കണ്‍വീനര്‍മാരും പ്രവൃത്തിയില്‍ അഴിമതി നടത്തുന്നത്. നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ 65 കിലോമീറ്റര്‍ പ്രവൃത്തി നടന്നിട്ടുണ്ട്. അഞ്ചര കിലോമീറ്ററിലെ പ്രവൃത്തി മാത്രമാണ് വി.എസ്.എസിന് ലഭിച്ചത്.
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലും നാമമാത്ര വി.എസ്.എസുകള്‍ക്കാണ് പ്രവൃത്തി ലഭിച്ചിട്ടുള്ളത്. ഭൂരിഭാഗവും ബിനാമി കണ്‍വീനര്‍മാര്‍ തന്നെയാണ് നടത്തിയിട്ടുള്ളത്. മാര്‍ച്ച് 31ന് ബില്ല് മാറിയെടുക്കേണ്ടതിനാല്‍ പ്രവൃത്തികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് ഉദ്യോഗസ്ഥന്‍മാരും കണ്‍വീനര്‍മാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."