പ്രധാന ഭീഷണി ഇറാന്‍: സഊദി വിദേശ കാര്യ മന്ത്രി
റിയാദ്: പ്രധാന അപകട രാജ്യം ഇറാനാണെന്നും ഇവരുടെ ഭീഷണി മറികടക്കേണ്ടത് മേഖലയുടെ സുരക്ഷക്ക് അത്യാവശ്യമാണെന്നും സഊദി വിദേശ കാര്യ മന്ത്രി ആദി അല്‍ ജുബൈല്‍ പ്രസ്താവിച്ചു.
ബ്രസല്‍സില്‍ ബെല്‍ജിയന്‍ വിദേശ കാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഊദി വിദേശ കാര്യ മന്ത്രി ഇറാനെതിരെ രൂക്ഷ വിമര്‍ശം നടത്തിയത്. ലബനോന്‍, സിറിയ, യമന്‍ രാജ്യങ്ങളില്‍ ഇറാന്റെ കൈകടത്തല്‍ അസഹനീയമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്ക് ഇറാന്‍ മിസൈലുകളും മറ്റു ആയുധങ്ങളും വിതരണം ചെയ്യുകയാണ്.
യമന്‍ വിഷയത്തില്‍ ഇറാന്റെയും ഹിസ്ബുല്ലയുടെയും കരങ്ങളില്‍ നിന്നുള്ള മോചനമാണ് സഊദി ലക്ഷ്യമിടുന്നത്. ഒരു മില്യനിലധികം യമന്‍ അഭയാര്‍ഥികളെ സഊദി ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും തടയുന്ന നിലയിലേക്ക് ഇറാന്‍ ആണവ കരാര്‍ ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്‍ ആണവകരാര്‍ നടപ്പാക്കുന്നത് അനുയോജ്യവും നടപ്പാക്കുന്നത് പരമ പ്രധാനവുമാണ്. മേഖലയിലെ ബാലിസ്റ്റിക് മിസൈല്‍ യുദ്ധ ഭീഷണികളും മറ്റു സാഹചര്യങ്ങളും തങ്ങള്‍ ഇറാനുമായി ചര്‍ച്ച ചെയ്യുമെന്നും ബെല്‍ജിയം വിദേശ കാര്യ മന്ത്രി ഡൈടര്‍ റെന്‍ഡര്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."