പാകിസ്താന് ചാരപ്പണി: ബി.ജെ.പി നേതാവിന്റെ ബന്ധുവടക്കം 11 പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: പണത്തിനു വേണ്ടി രാജ്യരഹസ്യങ്ങള്‍ പാകിസ്താനു ചോര്‍ത്തി കൊടുത്തതിന് ബി.ജെ.പി നേതാവിന്റെ ബന്ധു ഉള്‍പ്പെടെ 11 പേരെ മധ്യപ്രദേശ് പൊലിസിന്റെ ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ്‌ചെയ്തു. ചൈനീസ് ഉപകരണങ്ങളുടെ സഹായത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐക്കു വേണ്ടി രഹസ്യം ചോര്‍ത്തിനല്‍കാനായി ഇവര്‍ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് തന്നെ ഉണ്ടാക്കിയിരുന്നതായും ഇതുവഴിയാണ് ഇവര്‍ രഹസ്യങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്തതെന്നും പൊലിസ് പറഞ്ഞു.
ഇന്ത്യന്‍ ടെലിഫോണ്‍ ആക്ടിലെ വിവിധ വകുപ്പുകളും രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക, രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നീക്കംനടത്തുക തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി 11 പേര്‍ക്കെതിരെയും കേസെടുത്തു. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ ഗ്വാളിയോറില്‍ നിന്നും മൂന്നുപേര്‍ ഭോപ്പാലില്‍ നിന്നുമാണ്. രണ്ടുപേര്‍ ജഭല്‍പൂര്‍ സ്വദേശികളും ഒരാള്‍ സത്‌ന സ്വദേശിയുമാണ്.
ബി.ജെ.പി വനിതാ നേതാവും ഗോളിയോര്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ വന്ദനാസതീഷ് യാദവിന്റെ ഭര്‍തൃസഹോദരനാണ് അറസ്റ്റിലായ ജിതേന്ദ്ര താക്കൂര്‍. അതേസമയം, ജിതേന്ദ്ര പാര്‍ട്ടിയുടെ കൗണ്‍സിലറുടെ ബന്ധുവാണെങ്കിലും അയാള്‍ക്കു ബി.ജെ.പിയുമായോ വന്ദന സതീഷുമായോ ബന്ധമില്ലെന്ന് പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍ ദേവേഷ് ശര്‍മ പറഞ്ഞു. അറസ്റ്റിലായ ജിതേന്ദ്ര താക്കൂര്‍ കേന്ദ്രമന്ത്രി നരേന്ദ്രതോമറുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അരുണ്‍ യാദവ് ആരോപിച്ചു.
അതേസമയം, അറസ്റ്റിലായവരുടെ മുഴുവന്‍ പേരുവിവരങ്ങളും പുറത്തുവിടാന്‍ മധ്യപ്രദേശ് എ.ടി.എസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജീവ്് ഷാമി വിസമ്മതിച്ചു. സത്‌നസ്വദേശിയായ ബല്‍റാം ആണ് ഈ വന്‍ ഐ.എസ്.ഐ ചാരസംഘത്തിന്റെ സൂത്രധാരനെന്നും പൊലിസ് പറഞ്ഞു. ബല്‍റാം ജമ്മുവില്‍ താമസിച്ചായിരുന്നു ചാരപ്രവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ചിരുന്നത്.
പാകിസ്താനിലുള്ളവരുമായി ഇദ്ദേഹം താല്‍ക്കാലികമായുണ്ടാക്കിയ ടെലിഫോണ്‍മുഖേന സ്ഥിരമായി ബന്ധപ്പെടുകയുംചെയ്തിരുന്നു. ചാരപ്രവര്‍ത്തനങ്ങള്‍ക്കും ദേശവിരുദ്ധ നീക്കങ്ങള്‍ക്കുമായി വിവിധ ബാങ്ക് അക്കൗണ്ടുകളും ഇവരുടെ പേരിലുണ്ടായിരുന്നു.കശ്മിരിലെ ആര്‍.എസ്. പുരയില്‍ നിന്ന് സത്വീന്ദര്‍, ദാദു എന്നീ രണ്ട് ഐ.എസ്.ഐ ചാരന്‍മാരെ നവംബറില്‍ ജമ്മുശ്മീര്‍ പൊലിസ് അറസ്റ്റ്‌ചെയ്തിരുന്നു. ഇവരാണ് വന്‍ റാക്കറ്റ് സംഘത്തെ കുറിച്ചുള്ള സീചന നല്കിയത്.
കഴിഞ്ഞമാസം ഉത്തര്‍പ്രദേശില്‍ നിന്നും ഇതുപോലെ 11 പേരടങ്ങുന്ന ഐ.എസ്.ഐ ചാരസംഘത്തെ അറസ്റ്റ്‌ചെയ്തിരുന്നു. ഇന്ന് അറസ്റ്റിലായവര്‍ക്ക് യു.പിയില്‍ നിന്നു പിടിയിലായ സംഘത്തിനു ബന്ധമുണ്ടെന്നാണ് പൊലിസ് സശയിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാവുമെന്നും എ.ടി.എസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."