ഭക്ഷ്യ ഭദ്രതാ നിയമം: പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി
കൊല്ലം: ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്ന ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പി .തിലോത്തമന്‍ വിലയിരുത്തി. സ്വകാര്യ-മൊത്ത വിതരണക്കാരെ ഒഴിവാക്കിയാകും മാര്‍ച്ച് മാസത്തെ ഭക്ഷ്യ വിഹിതം വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷ്യ സാധനങ്ങള്‍ എഫ്.സി.ഐ യില്‍ നിന്നും സപ്ലൈക്കോ മൊത്തവിതരണ ഡിപ്പോകളില്‍ എത്തിക്കുകയും തുടര്‍ന്ന് റേഷന്‍ കടകളില്‍ നേരിട്ട് എത്തിക്കുകയുമാണ് ചെയ്യുക. റേഷന്‍ കടകളില്‍ ഭക്ഷ്യ സാധനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന വാതില്‍പ്പടി വിതരണത്തോടെ ഭക്ഷ്യ സാധനങ്ങളുടെ വിതരണത്തിലെ തിരിമറി അവസാനിപ്പിക്കാന്‍ കഴിയും. സുതാര്യമായ റേഷന്‍ സംവിധാനം നടപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലയില്‍ ആറു താലൂക്കുകളിലായി ഇതിനോടകം അഞ്ചു പുതിയ ഗോഡൗണുകള്‍ സപ്ലൈകോ കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരണത്തിനായി തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
താലൂക്ക് ഓഫിസുകളില്‍ നിന്ന് അതത് ഗ്രാമപഞ്ചായത്തുകളിലെ ലിസ്റ്റ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് എത്തിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗ്രാമസഭകള്‍ അംഗീകരിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി ലിസ്റ്റ് 10 ദിവസത്തിനകം തിരികെ നല്‍കണം. മാര്‍ച്ച് പതിനഞ്ചോടെ റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റല്‍ കാര്‍ഡുകളാക്കുന്നത് സംബന്ധിച്ച ആലോചനകളും സജീവമായി സര്‍ക്കാരിന്റെ മുന്നിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
കലക്‌ട്രേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ കലക്ടര്‍ മിത്ര .റ്റി മുന്നൊരുക്കങ്ങള്‍ വിശദീകരിച്ചു. എ.ഡി.എം ഐ അബ്ദുള്‍ സലാം, റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ രവിദാസ്, ജില്ലാ സപ്ലൈ ഓഫിസര്‍ ഇന്‍-ചാര്‍ജ് എ .രാജീവ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അവലോകന യോഗത്തിന് ശേഷം മന്ത്രി കൊല്ലം സപ്ലൈകോ ഗോഡൗണ്‍, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കൊട്ടാരക്കര, കുന്നത്തൂര്‍, കരുനാഗപ്പള്ളി ഡിപ്പോകള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."