സ്പീക്കറുടെ ചേംബര്‍ തകര്‍ത്ത കേസ് പിന്‍വലിക്കരുത്
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അന്നത്തെ പ്രതിപക്ഷ എം.എല്‍.എമാരില്‍ ചിലര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ച് കയറി സ്പീക്കറുടെ ഇരിപ്പിടവും ഡയസിലെ ഉപകരണങ്ങളും തകര്‍ക്കുകയുണ്ടായി. ബാര്‍ മുതലാളിമാരില്‍ നിന്ന് ബജറ്റ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് പ്രതിഫലമായി കെ.എം മാണി വന്‍ തുക കൈപറ്റി എന്നാരോപിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ അക്രമം അഴിച്ചുവിട്ടത്.
ഇതിനെതിരേ സ്പീക്കര്‍ നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുക്കുകയും ചെയ്തു ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ മുന്‍ എം.എല്‍.എ വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി അപേക്ഷ നിയമവകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. 2 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ പ്രതികള്‍ വരുത്തിയിട്ടുണ്ടെന്നും അത് പ്രതികളില്‍ നിന്നും ഈടാക്കണമെന്നും അന്നത്തെ സ്പീക്കറുടെ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പൊലിസും നിയമവകുപ്പും കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടാലും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് കേസ് പിന്‍വലിക്കാം. എന്നാല്‍ കേരളം അതല്ലല്ലോ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
2015 മാര്‍ച്ച് 13ന് നിയമസഭക്കകത്ത് നടന്ന അതിനീചമായ സംഭവം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനാണ് തീരാകളങ്കം വരുത്തിയത്. ആറ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടത്തിയ ഈ കയ്യാങ്കളി നിയമസഭാ ചരിത്രത്തിലെ കറുത്ത അധ്യായമായി എന്നെന്നും നിലനില്‍ക്കും.വി.ശിവന്‍കുട്ടി ,കെ.അജിത്, ഇ.പി ജയരാജന്‍ ,കെ.ടി ജലീല്‍, സി.കെ സദാശിവന്‍, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, എന്നിവര്‍ക്കെതിരേയാണ് അന്ന് കേസ് എടുത്തത് ഇന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അന്നത്തെ അക്രമത്തില്‍ പങ്കെടുത്തതായി ദൃശ്യങ്ങളില്‍ ഇപ്പോഴും കാണാവുന്നതാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉണ്ടായ സംഭവങ്ങളെന്നാണ് വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്റെ പരാക്രമങ്ങളെ വിശേഷിപ്പിച്ചത്. തീര്‍ത്തും ലജ്ജാകരമാണ് അദ്ദേഹത്തിന്റെ ഈ നിലപാട്.സ്പീക്കറുടെ മേശപ്പുറത്ത് കയറി മുണ്ട് മാടി കുത്തി കണ്ണില്‍ കണ്ടതെല്ലാം പിഴുതെറിയുന്ന ശിവന്‍കുട്ടിയെ ദൃശ്യമാധ്യമങ്ങളിലൂടെ അന്ന് ലോകം മുഴുവന്‍ കണ്ടതാണ്.തളര്‍ന്ന്‌വീഴുന്നത് വരെ അദ്ദേഹം തന്റെ പരാക്രമങ്ങള്‍ തുടര്‍ന്നുവെന്നര്‍ത്ഥം.
എന്നിട്ടാണ് ഇപ്പോള്‍ യാതൊരു ലജ്ജയും കൂടാതെ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം ഈടാക്കുന്നതിലല്ല കാര്യം.നിയമസഭയുടെ നാളിത്‌വരെയുള്ള ചരിത്രത്തില്‍ ഉണ്ടാകാത്ത ഒരു കറുത്ത ദിനത്തിനാണ് വി.ശിവന്‍കുട്ടി നേതൃത്വം നല്‍കിയത്.അദ്ദേഹം അത് നിഷേധിച്ചാലും ദൃശ്യ മാധ്യമങ്ങള്‍ അന്നു പകര്‍ത്തിയത് ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നുണ്ട്. സാധാരണക്കാരന്‍ ഒരു ബസിന് കല്ലെറിഞ്ഞാല്‍ പൊതുമുതല്‍ നശിപ്പിച്ചു എന്നാരോപിച്ച് അയാള്‍ക്കെതിരേ കേസെടുക്കുമ്പോള്‍ ജനപ്രതിനിധികളായി നിയമസഭയില്‍ എത്തിയവര്‍ കവലച്ചട്ടമ്പികളെപ്പോലെ ആക്രമണങ്ങള്‍ അഴിച്ചുവിടുമ്പോള്‍ നഷ്ടപരിഹാരം ഈടാക്കുക മാത്രമല്ല ചെയ്യേണ്ടത്. അവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം തടയുന്ന നിയമനിര്‍മാണം ഉണ്ടാവുകയാണ് വേണ്ടത്.ഇതില്‍ ഏറ്റവും വിരോധാഭാസം മന്ത്രി കെ.എം മാണി അഴിമതിയാരോപണം നേരിടുന്നതിനാല്‍ അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞാണ് സ്പീക്കറുടെ ഡയസ് തകര്‍ത്തതെങ്കില്‍ അതെ കെ.എം മാണിയെ ഇടത് മുന്നണിയിലേക്കാനയിക്കാന്‍ ചുവപ്പ് പരവതാനി വിരിച്ച്കാത്തിരിക്കുമ്പോള്‍ രാഷ്ടീയ സദാചാരവും നൈതികതയുമാണ് ഇടത് മുന്നണി അധികാരത്തിന് വേണ്ടി അടിയറ വയ്ക്കുന്നത്.
മുഖ്യമന്ത്രി തിരുമാനിച്ചാലും കോടതി കൂടി തീരുമാനിച്ചാല്‍ മാത്രമേ കേസ് ഇല്ലാതാവുകയുള്ളൂ. ഇനി ഏതെങ്കിലും വ്യക്തിയോ സംഘടനകളോ ഹൈക്കോടതിയില്‍ പോയാലും കേസ് തുടരേണ്ടി വരും. അഴിമതി കേസുകളെല്ലാം സര്‍ക്കാര്‍ പിന്‍വലിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ അഴിമതിയാരോപണങ്ങള്‍ നടത്തിയവര്‍ അധികാരത്തില്‍ വരുമ്പോള്‍ അത്തരം കേസുകളൊക്കെയും പിന്‍വലിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഭരണകൂടം സമൂഹത്തിന് നല്‍കുന്നത്. പുറത്ത് നടക്കുന്നത് പോലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളോ സമരമോ അല്ല നിയമസഭക്കകത്ത് നടന്നത്. ജനം തെരഞ്ഞെടുത്ത് അയച്ച അവരുടെ പ്രതിനിധികള്‍ നിയമസഭക്കകത്ത് കാണിച്ച പേക്കൂത്തുകള്‍ കണ്ട് സാംസ്‌കാരിക കേരളം സ്തംഭിച്ച ദിനമായിരുന്നു 2015 മാര്‍ച്ച് 13' ഏത് രാഷ്ട്രീയ പാര്‍ട്ടി എന്നതല്ല പ്രശ്‌നം ആര് തന്നെയായാലും ഇതൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. അതിന് തക്ക ശിക്ഷ അക്രമത്തില്‍ പങ്കെടുത്ത എം എല്‍ എ മാര്‍ക്ക് കിട്ടിയേ മതിയാകൂ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."