നിയമസഭ ബജറ്റ് സമ്മേളനം ഇന്നുതുടങ്ങും
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമാകും. പതിനാലാം നിയമസഭയുടെ ഒമ്പതാം സമ്മേളനമാണിത്.
ഗവര്‍ണറുടെ നയപ്രഖ്യാപനം മാത്രമാണ് ഇന്നത്തെ കാര്യപരിപാടി. നാളെ സഭ അന്തരിച്ച മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, നിലവില്‍ സഭാംഗമായിരുന്ന കെ.കെ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് അനുശോചനമര്‍പ്പിക്കും.
ഫെബ്രുവരി രണ്ടിന് 2018- 19ലെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയും പൂര്‍ത്തിയാക്കി ഏഴിനു സമ്മേളനം അവസാനിക്കും.
സര്‍ക്കാരിനെ ആക്രമിക്കാന്‍ ഏറെ ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. കായല്‍ കൈയേറ്റ ആരോപണത്തിന്റെ പേരില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതും അതിന്റെ പേരില്‍ ഭരണപക്ഷത്തുണ്ടായ ഭിന്നതകളുമായിരിക്കും പ്രധാന ആയുധങ്ങള്‍. തോമസ് ചാണ്ടി രാജിവച്ച ഒഴിവില്‍ മന്ത്രിയാകാന്‍ ഭരണമുന്നണിയില്‍ നടന്ന അണിയറ നീക്കങ്ങളും പ്രതിപക്ഷം ആയുധമാക്കും. മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പേരിലുണ്ടായ സി.പി.ഐ- സി.പി.എം തര്‍ക്കം, സമ്മേളനങ്ങളില്‍ ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ വേറെയുമുണ്ട്.
പ്രതിരോധത്തിനു ഭരണപക്ഷത്തിന്റെ കൈയിലുള്ള പ്രധാനായുധം സോളാര്‍ തട്ടിപ്പ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ആരോപണങ്ങളാണ്. ഭരണപക്ഷം അതെടുത്തു പ്രയോഗിച്ചാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിനു തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാതെ വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും പ്രതിപക്ഷംനേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."