ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുനരധിവാസ പദ്ധതി 'കൈവല്യ'
തിരുവനന്തപുരം: ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന കൈവല്യ എന്ന പേരില്‍ സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 15ന് ഉച്ചയ്ക്ക് 12ന് വി.ജെ.ടി ഹാളില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. വൊക്കേഷണല്‍ ആന്‍ഡ് കരിയര്‍ ഗൈഡന്‍സ്, നൈപുണ്യ വര്‍ധന, മത്സര പരീക്ഷാ പരിശീലനം, പലിശരഹിത സ്വയംതൊഴില്‍ വായ്പാ പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെ ഭിന്നശേഷിയുള്ളവരെ വരുമാനമാര്‍ഗമുള്ള തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ ഡാറ്റാ ബാങ്കില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനിങ്, സംരംഭകത്വ വികസന പരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിവ ഇതിന്റെ ഭാഗമാണ്. മത്സര പരീക്ഷാ പരിശീലനത്തില്‍ ഏറ്റവും കുറഞ്ഞത് അറുപത് ദിവസം കാലാവധിയുള്ള തുടര്‍പരിശീലന പരിപാടി നടത്തും.
സ്വയംതൊഴില്‍ പദ്ധതിയില്‍ 21നും 55നും മധ്യേ പ്രായമുള്ള എഴുത്തും വായനയും അറിയാവുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗുണഭോക്താക്കളാകാം.
കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. സംരംഭം സ്വന്തമായി നടത്താന്‍ കഴിയാത്തത്ര അംഗവൈകല്യമുള്ള പക്ഷം അടുത്ത ഒരു ബന്ധുവിനെ (മാതാവ്, പിതാവ്, ഭര്‍ത്താവ്, ഭാര്യ, മകന്‍, മകള്‍) കൂടി ഉള്‍പ്പെടുത്തി വായ്പ അനുവദിക്കും.
വ്യക്തിഗത സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കുന്നതെങ്കിലും സംയുക്ത സംരംഭവും ആരംഭിക്കാം.
ഒരു വ്യക്തിക്ക് പരമാവധി അന്‍പതിനായിരം രൂപ പലിശരഹിത വായ്പയായി അനുവദിക്കും. ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപവരെ അനുവദിക്കും. വായ്പത്തുകയുടെ അന്‍പത് ശതമാനം (പരമാവധി 25,000 രൂപ) സബ്‌സിഡിയായി അനുവദിക്കും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി ലഭിക്കും. കൂടാതെ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തും എടുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല സമിതിയാണ് വായ്പത്തുക നിശ്ചയിക്കുന്നത്.
നടപടികള്‍ പൂര്‍ത്തിയായാലുടന്‍ വായ്പാത്തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. വായ്പ ലഭ്യമാകുന്ന തിയതി മുതല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം തിരിച്ചടവ് തുടങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."