ഉരുട്ടിക്കൊല കേസ്: പ്രോസിക്യൂഷന് സാക്ഷി കൂറുമാറി
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പ്രോസിക്യൂഷന് സാക്ഷി കൂറുമാറി. തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ജലാലുദ്ദീന്‍ ആണ് കൂറുമാറിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഇയാളെ കൂറുമാറിയതായി സി.ബി.ഐ കോടതി പ്രഖ്യാപിച്ചു. ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവരുന്നത് കണ്ടെന്നായിരുന്നു ജലാലുദ്ദീന്‍ നേരത്തെ നല്‍കിയിരുന്ന മൊഴി.
എന്നാല്‍ മരണശേഷമാണ് ഉദയകുമാറിനെ കണ്ടതെന്നാണ് ജലാലുദ്ദീന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്. ഉദയകുമാറിനൊപ്പം അന്ന് പിടിയിലായ സുഹൃത്ത് മോനി എന്ന സുരേഷ് കുമാര്‍ വിചാരണക്കിടെ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. ഉദയകുമാറിനെ ഉരുട്ടാന്‍ പ്രതികളായ പൊലിസുകാര്‍ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് സാക്ഷിയായ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തോമസ് അലക്സാണ്ടര്‍ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.
അന്നത്തെ ഫോര്‍ട്ട് സി. ഐ ആയിരുന്ന ഇ.കെ.സാബുവിന്റെ ക്രൈം സ്ക്വാഡിലെ സംഘാംഗങ്ങളായിരുന്ന ജിതകുമാറും ശ്രീകുമാറുമാണ് ഉദയകുമാറിനെ അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ ഉദയകുമാറിന്റെ കൈവശം നാലായിരം രൂപ ഉണ്ടായിരുന്നു. ഇതിന്റെ ഉറവിടത്തെ ചൊല്ലിയുള്ള ചോദ്യം ചെയ്യലാണ് കൊലയില്‍ കലാശിച്ചത്. പൊലിസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, അന്നത്തെ എസ്.ഐ ടി.അജിത് കുമാര്‍, സി.ഐ ഇ.കെ. സാബു, എ.സി ടി.കെ.ഹരിദാസ് എന്നിവരാണ് കേസിലെ പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."