തൊഗാഡിയക്ക് വീണ്ടും അറസ്റ്റ് വാറണ്ട്
കാഞ്ഞങ്ങാട്: വി.എച്ച്.പി അഖിലേന്ത്യാ നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് വീണ്ടും അറസ്റ്റ് വാറണ്ട്. ഹൊസ്ദുര്‍ഗ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ തൊഗാഡിയയെ കണ്ടത്താന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു.
തുടര്‍ന്ന് അന്വേഷണസംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പടുവിക്കുകയുമായിരുന്നു. 2012ല്‍ കാഞ്ഞങ്ങാട്ട് മതസ്പര്ദ്ധയുണ്ടാക്കുന്നതരത്തില് പ്രസംഗിച്ചതിനാണ് പൊലിസ് തൊഗാഡിയക്കെതിരേ കേസെടുത്തിരുന്നത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാകാന്‍ നിരവധിതവണ സമന്‍സ് അയച്ചിരുന്നു.
കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി (രണ്ട്) പുറപ്പെടുവിച്ച പ്രൊക്ലമേഷന്‍ വാറണ്ട് ഡല്‍ഹി മാര്‍ഗ് 12ലുള്ള വി.എച്ച്.പി കേന്ദ്ര കമ്മിറ്റി ഓഫിസിന്റെ ചുവരില്‍ ഒരുവര്‍ഷം മുന്‍പ് പൊലിസ് പതിച്ചിരുന്നു. കൂടാതെ അവിടുത്തെ തഹസില്‍ദാര്‍ക്കും വാറണ്ടിന്റെ പകര്‍പ്പ് നല്കി. തൊഗാഡിയയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് തഹസില്‍ദാര്‍ക്ക് വാറണ്ടിന്റെ പകര്‍പ്പ് നല്‍കിയത്.
കേസില്‍ പൊലിസ് കുറ്റപത്രം നല്‍കിയശേഷം തൊഗാഡിയ ഒളിവിലാണെന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പലതവണ കോടതി കേസ് പരിഗണിച്ചപ്പോഴും തൊഗാഡിയയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടിയാണ് പൊലിസ് നല്‍കിയത്.
കോടതിയില്‍ ഹാജരായില്ലെങ്കില്‍ പ്രതിയുടേതായി രാജ്യത്തുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയുടെ ഭാഗമായാണ് പ്രൊക്ലമേഷന്‍ വാറണ്ട് ഒരുവര്ഷംമുന്പ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."