പത്മാവത് കലാപമടങ്ങുന്നില്ല; പ്രതിഷേധം കത്തിയാളി അഹമദാബാദ്
അഹമ്മദാബാദ്: റിലീസിങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയും സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവാതിനെതിരായ പ്രതിഷേധമടങ്ങുന്നില്ല.
അഹമ്മദാബാദാണ് ഏറ്റവും അവസാനം പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. വ്യാപക അക്രമമാണ് ഇവിടെ പ്രതിഷേധത്തില്‍ ഉണ്ടായത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കടകള്‍ക്കും മാളുകള്‍ക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് സംഘര്‍ഷം രൂക്ഷമായത്.
അഹമ്മദാബാദിലെ ഹിമാലയ മാളിന് തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന് പൊലിസിന് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെപ്പ് നടത്തേണ്ടി വന്നു. 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് രജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തീയേറ്ററുകള്‍ക്ക് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അതേ സമയം അക്രമസംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ണിസേനാ നേതാവ് ലോകേന്ദ്ര സിങ് അറിയിച്ചു.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരായ സംഘത്തില്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമുണ്ട്. പ്രദര്‍ശനത്തെ എതിര്‍ത്ത ഹാര്‍ദ്ദിക് തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങള്‍ക്ക് സര്‍ക്കാറാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.
ജനുവരി 25നാണ് സുപ്രിം കോടതി അനുമതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."