കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് പരുക്ക്
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ കര്ഷകന് പരുക്കേറ്റു. വടക്കനാട് ആരംപുളിക്കല്‍ ജോണി(46)നാണ് പരുക്കേറ്റത്. ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം.
വീടിന് സമീപത്ത് നിന്നും ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോണി കണ്ടത് വീടിനു സമീപത്തെ വാഴ ആന നശിപ്പിക്കുന്നതാണ്. ടോര്‍ച്ചടിച്ച് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന ജോണിക്കുനേര പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നിടെ കാല്‍തട്ടി വീഴുകയും തൊട്ടരികിലെത്തിയ ആന കാലില്‍ ചവിട്ടുകയുമാണ് ഉണ്ടായതെന്ന് ജോണി പറഞ്ഞു. പിന്നീട് തലക്ക് ചവിട്ടാന്‍ ശ്രമിച്ചെങ്കിലും ഉരുണ്ട് മാറിയതിനാല്‍ ഭാഗ്യംകൊണ്ടാണ് ജീവന് തിരിച്ചുകിട്ടിയതെന്നാണ് ജോണി പറയുന്നത്. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തി ബഹളം വച്ചപ്പോള്‍ ആന കാട്ടിലേക്ക് മറഞ്ഞു. ഉടന്‍തന്നെ ജോണിയെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഇരു കാലിന്റെയും മുട്ടിനും വലതുകാലിന്റെ ഞെരിയാണിക്കുമാണ് പരുക്കേറ്റത്. ആനയുടെ ചവിട്ട് ശക്തമല്ലാതിരുന്നതിനാല്‍ പരുക്ക് സാരമുള്ളതല്ല. ഇക്കഴിഞ്ഞ ജനുവരി ആദ്യം പള്ളിവയല്‍ മണിലുമൂല കോളനിയിലെ രാജനെ കൊന്ന ആനയാണ് പ്രദേശത്ത് നിരന്തരം ഇറങ്ങി വിളകള്‍ നശിപ്പിച്ച് ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നതെന്നും ഇതിന് ഉടനടി പരിഹാരം കാണണമെന്നുമാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."