ചാലിയാര്‍ പഞ്ചായത്ത് ലഹരിമുക്തമാകുന്നു: ഇന്നുമുതല്‍ പൊലിസ് പട്രോളിങ്
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ ലഹരി വില്‍പനയ്ക്കു തടയിടാന്‍ പൊലിസ്-എക്‌സൈസ്-പഞ്ചായത്ത് സംയുക്ത നീക്കം. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പന കുട്ടികളിലേക്കും കേന്ദ്രീകരിച്ചതോടെയാണ് കഞ്ചാവ്, മദ്യ മാഫിയകള്‍ക്കെതിരേ സംയുക്ത നടപടിക്കൊരുങ്ങുന്നത്.
ചാലിയാര്‍ പഞ്ചായത്തിലെ ലഹരി വില്‍പനക്കാരുടെ ലിസ്റ്റ് തയാറാക്കിവരികയാണെന്ന് എക്‌സൈസ് സി.ഐ ടി. അനില്‍കുമാര്‍ പറഞ്ഞു. വില്‍പന കൂടുതലുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും. കുട്ടികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ളവരുടെ സഹായം ആവശ്യമാണെന്നും വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 15ന് മുഴുവന്‍ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് എരഞ്ഞിമങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യോഗം വിളിച്ചുചേര്‍ത്ത് ജനജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍ പറഞ്ഞു. അന്നുതന്നെ പഞ്ചായത്തിനെ ലഹരി മുക്തമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തില്‍ പൊലിസ് പട്രോളിങ് ഇന്നുമുതല്‍ ആരംഭിക്കുമെന്ന് നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ പറഞ്ഞു. നിലമ്പൂര്‍ മേഖലയില്‍ ലഹരി വില്‍പന സംഘങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."