ശിവരാജന്‍ വധശ്രമക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണ സാംസ്‌ക്കാരിക സമിതി
ആലപ്പുഴ : കാര്‍ത്തികപളളി താലൂക്ക് ശ്രീനാരായണ സാംസ്‌ക്കാരിക സമിതി കായംകുളം യൂനിറ്റ് ട്രഷറര്‍ കെ.എസ് ശിവരാജന് നേരെയുണ്ടായ വധശ്രമ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനാരായണ സാംസ്‌ക്കാരിക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ മാസം മൂന്നാം തിയതി ഭരണസമിതി യോഗത്തിനുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തെരുവില്‍ ശിവരാജന്‍ ആക്രമിക്കപ്പെട്ടത്.
മുഖംമൂടി ധരിച്ച രണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിച്ച ശിവരാജനെ പിന്തുടര്‍ന്ന് അക്രമിക്കുകയായിരുന്നു. അക്രമി സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിച്ചശേഷം ഇനി സമിതി ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന ആക്രോശിച്ചാണു സ്ഥലം വിട്ടത്. മാരക പരുക്കേറ്റ് ശിവദാസന്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. സമിതിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി മുന്‍ഭരണക്കാരുടെ കാലത്ത് നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയിരുന്നു.
ഇതോടെ കുറ്റക്കാരാനായ ചന്ദ്രദാസിനെയും കൂട്ടരെയും പുറത്താക്കിയിരുന്നു. ഇതോടെയാണ് അക്രമത്തിന് തുടക്കമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേടിന് എസ്.എന്‍.ഡി.പി യോഗത്തിലെ ചില നേതാക്കളുടെ ഒത്താശ ചന്ദ്രദാസിനുണ്ടായിരുന്നു. ഈ വിവരം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെ അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സെക്രട്ടറി ഇതേ കുറിച്ച് അന്വേഷിക്കുകയോ, നടപടിയെടുക്കുകയോ ചെയ്തില്ലെന്നും നേതാക്കള്‍ പറഞ്ഞു.
സംഭവത്തിനുശേഷം നിരവധി പരാതികള്‍ മുഖ്യമന്ത്രി അടക്കമുളളവര്‍ക്കു നല്‍കിയെങ്കിലും നടപടിയായില്ല. ഈ സാഹചര്യത്തിലാണ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തില്‍ 18ന് കായംകുളം പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് ജെ. ബാബു, വി സജീവ്, പ്രസന്നകുമാര്‍, ഡി ബിനു, അരുണ്‍ദേവ്, ഗോപി, സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."