വീണ്ടും ചരിത്രപരമായ മണ്ടത്തരം
സി.പി.എമ്മിന്റെ രാഷ്ട്രീയ നയസമീപനം മാറ്റി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതരകക്ഷികളുമായി സഹകരിക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നീക്കങ്ങള്‍ക്കു തിരിച്ചടി നേരിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സുമായി ഒരു ധാരണയും പാടില്ലെന്ന മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടാണ് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. കാരാട്ടിന്റെ രേഖയ്ക്ക് 55 വോട്ടു ലഭിച്ചപ്പോള്‍ യെച്ചൂരിക്കു ലഭിച്ചത് 31 പേരുടെ പിന്തുണ മാത്രമാണ്. ഇതോടെ ഏപ്രിലില്‍ 22 നു പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുക ജനറല്‍ സെക്രട്ടറി എതിര്‍ത്ത രേഖയായിരിക്കും.
രാഷ്ട്രീയനയം അന്തിമമായി തീരുമാനിക്കുന്നതു പാര്‍ട്ടി കോണ്‍ഗ്രസിലാണെന്നു യെച്ചൂരി പറയുന്നുണ്ടെങ്കിലും ഭേദഗതികളില്ലാതെ കാരാട്ടിന്റെ രേഖ അംഗീകരിക്കാനാണു സാധ്യത. എന്നൊക്കെ ഫാഷിസത്തിനെതിരേ ചര്‍ച്ച വന്നിട്ടുണ്ടോ അന്നെല്ലാം ഫാഷിസത്തിന് അനുകൂലമായ സമീപനമാണു സി.പി.എം സ്വീകരിച്ചിട്ടുള്ളത്. ഇത്തവണ കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും നടന്നത് അതിന്റെ തനിയാവര്‍ത്തനമാണ്.
ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായങ്ങളെയും നിലപാടുകളെയും കേന്ദ്രകമ്മിറ്റിയും പി.ബിയും തള്ളിക്കളയുന്നത് ഇതാദ്യമല്ല. തന്റെ രാഷ്ട്രീയസമീപനം പാര്‍ട്ടിയുടെ ഉന്നതസമിതികള്‍ തള്ളിയതിനെത്തുടര്‍ന്നു പി. സുന്ദരയ്യയെപ്പോലുള്ള ശക്തനായ നേതാവ് ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചിട്ടുപോലുമുണ്ട്. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘവുമായി ചേരാനുള്ള സി.പി.എം നീക്കത്തെ 1975 ല്‍ അന്നത്തെ ജനറല്‍ സെക്രട്ടറി പി.സുന്ദരയ്യ എതിര്‍ത്തിരുന്നു.
എന്നാല്‍, പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും സുന്ദരയ്യയുടെ നിലപാടിനു ഭൂരിപക്ഷം ലഭിച്ചില്ല. അതോടെ അവമതിക്കപ്പെട്ട വ്യക്തിത്വമായി ജനറല്‍സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നു സുന്ദരയ്യയ്ക്കു തോന്നി. അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനവും പി.ബി അംഗത്വവും രാജിവച്ചു. 1976 ലാണ് അദ്ദേഹത്തിന്റെ രാജി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. രാജിയുടെ സാഹചര്യം വിശദീകരിച്ചു സുന്ദരയ്യ തയാറാക്കിയ മുന്നൂറിലധികം വരുന്ന കത്ത് അദ്ദേഹത്തിന്റെ മരണശേഷമാണു പുറത്തുവന്നത്.
സുന്ദരയ്യക്കു ശേഷം ജനറല്‍ സെക്രട്ടറിയായ ഇ.എം.എസ് 'കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടു'മെന്നു വ്യക്തമാക്കിയത് ഇക്കാലത്താണ്. സകലമാന ചെകുത്താന്മാരെയും കൂട്ടുപിടിച്ച് 1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു എന്നതു നേര്. പക്ഷേ, പകരം വന്ന ആദ്യത്തെ കോണ്‍ഗ്രസ്സിതര മന്ത്രിസഭയില്‍ വാജ്‌പേയിയും ലാല്‍കൃഷ്ണ അഡ്വാനിയും മന്ത്രിമാരായി. 1951 ല്‍ ജനസംഘം സ്ഥാപിതമായതു മുതല്‍ മുന്‍നിരയിലുണ്ടായിരുന്ന വാജ്‌പേയിയെയും അഡ്വാനിയെയും മന്ത്രിക്കസേരയില്‍ ഇരുത്തിക്കൊടുത്തതു സി.പി.എമ്മാണെന്ന പേരുദോഷം മാത്രമാണ് ഇതിനു പകരം കിട്ടിയത്.
രണ്ടാമത്തെ തവണ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി 'തള്ളു'ന്നത് 1996 ലാണ്. പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയായ ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആലോചിച്ച സന്ദര്‍ഭത്തിലാണതു സംഭവിച്ചത്. അന്നത്തെ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിങ് സുര്‍ജിത് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശത്തെ പിന്തുണച്ചു. എന്നാല്‍, സുര്‍ജിതിന്റെ നിലപാടു കേന്ദ്രക്കമ്മിറ്റി തള്ളി. ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ അന്നും കേന്ദ്രകമ്മിറ്റിയില്‍ എതിര്‍ത്തതില്‍ പ്രധാനി പ്രകാശ് കാരാട്ടായിരുന്നുവെന്നതു ശ്രദ്ധേയമാണ്. കേന്ദ്രക്കമ്മിറ്റിയുടെ ഈ തീരുമാനത്തെയാണു ജ്യോതിബസു 'ചരിത്രപരമായ മണ്ടത്തരം'(ഹിസ്റ്റോറിക്കല്‍ ബ്ലെണ്ടര്‍) എന്നു വിശേഷിപ്പിച്ചത്.
2014 ല്‍ മോദി ഭരണത്തിലേറിയ നാള്‍ മുതല്‍ ഇന്നോളം രാജ്യത്തെ ജനത ഒരുതരം ഭീതിയിലാണ്. ജനാധിപത്യരാജ്യത്തു നടക്കാന്‍ പാടില്ലാത്തതു മാത്രമാണു നടക്കുന്നത്. സംഘ്പരിവാര്‍ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും പറഞ്ഞറിയിക്കാനാവാത്തതാണ്. ലൗജിഹാദെന്നു മുദ്രകുത്തി മനുഷ്യരെ പച്ചയ്ക്കു കത്തിക്കുന്നു. ഗോമാംസത്തിന്റെ പേരില്‍ അക്രമവും കൊലയും നിത്യസംഭവങ്ങളാകുന്നു. ദലിതുകളെ സര്‍വണ ഫാസിസ്റ്റുകള്‍ മനുഷ്യരായി പോലും അംഗീകരിക്കുന്നില്ല. ഏതാനും ദിവസം മുമ്പു കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ദലിതരെ വിളിച്ചത് 'തെരുവു നായ്ക്ക'ളെന്നാണ്.
എതിരു പറയുന്നവരെ ഇല്ലായ്മ ചെയ്യുന്നതിനു ഗൗരി ലങ്കേഷ് മികച്ച തെളിവാണ്. പാര്‍ട്ടിയോ മുന്നണിയോ മന്ത്രിസഭയിലെ അംഗങ്ങളോ അറിയാതെ നോട്ടു നിരോധിച്ചു. വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാതെ ജി.എസ്.ടി നടപ്പാക്കി. അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ്സിന്റെ വാദം കേള്‍ക്കേണ്ട സി.ബി.ഐ. ജഡ്ജി ബി.എച്ച്.ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇതിന്റെ പേരില്‍ ചരിത്രത്തിലാദ്യമായി രാജ്യത്തെ പരമോന്നത നീതിന്യായസംവിധാനം തര്‍ക്കിച്ചു നില്‍ക്കുകയാണ്. രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെന്നു വര്‍ഗ്ഗീയതയുടെ കൃഷി നടത്തുകയും 'ഹിന്ദുത്വത്തെ എതിര്‍ക്കുന്നവര്‍ക്കു വധശിക്ഷ' വിധിക്കുകയും ഉറഞ്ഞുതുള്ളുകയും ചെയ്ത പ്രവീണ്‍ തൊഗാഡിയ 'കൊല്ലാന്‍ വരുന്നേ' എന്നു നിലവിളിക്കുന്നു.
ചുരുക്കത്തില്‍, ഇതാണു വര്‍ത്തമാനകാല ഇന്ത്യ. എല്ലാംകൊണ്ടും ലക്ഷണമൊത്ത ഫാസിസമാണു മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണു ജനാധിപത്യ ഇന്ത്യ രാജാവ് ഭരിക്കുന്നത് പോലെ അനുഭവപ്പെടുന്നത്. ഇതിന് അറുതി വരുത്താന്‍ മതേതര ജനാധിപത്യചേരിക്കു മാത്രമാണു കഴിയുക. രാജ്യത്തെ 63 ശതമാനം ജനങ്ങളെ ഭാഗിച്ചെടുത്ത ആ ചേരി ഒരുമിച്ചു നില്‍ക്കുക മാത്രമാണു പരിഹാരം. ഇതിനു തയാറാകാത്ത പ്രകാശ് കാരാട്ടും കൂട്ടരും ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ കാണുന്ന വഴിയേതെന്നു പറഞ്ഞേ പറ്റൂ.
ആ പാര്‍ട്ടിയുടെ തനിനിറമറഞ്ഞും അറിയാതെയും പ്രവര്‍ത്തിക്കുന്നവര്‍ക്കും പൊതുജനത്തിനും അതറിയാനുള്ള അവകാശമുണ്ട്. ഇന്ത്യാ മഹാരാജ്യത്തു സി.പി.എമ്മിന് എട്ടു നിയമസഭകളില്‍ മാത്രമാണു പ്രാതിനിധ്യമുള്ളത്.
കേരളം 58, ത്രിപുര 49, 1977 മുതല്‍ 2011 വരെ 34 വര്‍ഷം അധികാരക്കസേരയിലിരുന്ന ബംഗാളില്‍ 26 എന്നിങ്ങനെയും തെലുങ്കാന, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഒഡീഷ, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റു വീതവും. ഈ 'ശക്തി' വച്ചു സംഘ്പരിവാറിനെ നേരിടാന്‍ കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.
ആനയ്ക്ക് ആനയുടെ വലിപ്പം അറിയാത്തപോലെ സി.പി.എം നേതാക്കള്‍ക്കു തങ്ങളുടെ പാര്‍ട്ടിയുടെ ചെറുപ്പം അറിയില്ലെന്നു തോന്നുന്നു. ഒരു കാര്യം തീര്‍ച്ച,
2019 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം. വേറിട്ടുനിന്നു മത്സരിക്കുകയും രണ്ടാംമോദി സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്താല്‍ പഴി സി.പി.എമ്മിനായിരിക്കും. സി.പി.എമ്മിന്റെ സഹകരണമില്ലാതെ യു.പി.എ. അധികാരത്തില്‍ വന്നാലും സി.പി.എം പഴി കേള്‍ക്കേണ്ടി വരും. 'ചരിത്രപരമായ മണ്ടത്തരം' ആവര്‍ത്തിക്കാതിരിക്കുന്നതാവും ബുദ്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."