പ്രഥമ ലക്ഷ്യം മുസ്‌ലിം ന്യൂനപക്ഷ ശാക്തീകരണം: ഹൈദരലി തങ്ങള്‍
ഭീവണ്ടി (മുബൈ): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ അഞ്ചാമത് ഓഫ് കാംപസിന് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വഡോളിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. വാഴ്‌സിറ്റി വിലയ്ക്കു വാങ്ങിയ രണ്ടേക്കര്‍ സഥലത്താണ് പുതിയ കാംപസ് ആരംഭിക്കുന്നത്.
വിദ്യാഭ്യാസ വിപ്ലവത്തിലൂടെ രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷ ശാക്തീകരണമുണ്ടാക്കുകയും അതുവഴി മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ അവരെ പ്രബുദ്ധരാക്കുകയുമാണ് വിവിധ സംസ്ഥാനങ്ങളില്‍ ഓഫ് കാംപസുകള്‍ സ്ഥാപിക്കുന്നതിലൂടെ ദാറുല്‍ഹുദാ ലക്ഷ്യമാക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു. കാംപസ് ശിലാസ്ഥാപനത്തിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ക്രിയാത്മക ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുന്ന തലമുറയെ നാം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. മതേതരമൂല്യവും സൗഹാര്‍ദ്ദാന്തരീക്ഷവും നിലനില്‍ക്കണമെന്ന ബോധ്യമുള്ള സമൂഹമാണ് വളര്‍ന്നുവരേണ്ടത്.
ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരം അവരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കലാണെന്നും അതിനായി ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മോഡല്‍ രാജ്യ വ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. യു.വി.കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, കെ.പി ബശീര്‍ വടകര, നിസാര്‍ ആയഞ്ചേരി, നവാസ് കെ.പി വടകര, ബിശാറത് ഖാന്‍ അലഹാബാദ്, ഡോ. അസ്‌ലം ജംഷദ്പൂരി, വി.സി.പി ബാവ ഹാജി ചിറമംഗലം, ശറഫുദ്ദീന്‍ ചിറമംഗലം, മുക്കോല അബ്ദുല്‍ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അലി ഹാശിമി ഹുദവി ഭീവണ്ടി സ്വാഗതവും നാസര്‍ വെള്ളില നന്ദിയും പറഞ്ഞു. ചടങ്ങില്‍ ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഭാരവാഹികളും പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ പ്രതിനിധികളും സംബന്ധിച്ചു.
ദാറുല്‍ഹുദാ സര്‍വകലാശാലയുടെ നാഷനല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇതര സംസ്ഥാനങ്ങളില്‍ കാംപസുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭീംപൂര്‍, അസമിലെ ബൈശ, ഉത്തര കര്‍ണാടകയിലെ ഹാംഗല്‍ എന്നിവിടങ്ങളില്‍ ഓഫ് കാംപസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളജുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."