ഹജ്ജ് സര്‍വിസ്: എട്ട് വിമാനത്താവളങ്ങള്‍ കരിപ്പൂരിനേക്കാള്‍ ചെറുത്
കൊണ്ടോട്ടി: കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളെയടക്കം ഉള്‍പ്പെടുത്തി ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ക്ക് വിമാന കമ്പനികളില്‍നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിക്കുന്നു. കേരളത്തില്‍ വിമാനത്താവളത്തിന്റെ വലിപ്പം നോക്കി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിശ്ചയിക്കുന്ന കേന്ദ്രം മറ്റു സംസ്ഥാനങ്ങളില്‍ ഈ മാനദണ്ഡങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നതാണ് വസ്തുത. കരിപ്പൂരിലേത് പോലെ ഉയര്‍ന്ന പ്രദേശത്ത് ടേബിള്‍ ടോപ്പ് റണ്‍വേയുള്ള മംഗലാപുരം ഉള്‍പ്പെടെയാണിത്. അടുത്ത മാസം ആദ്യത്തിലാണ് ഇന്ത്യയിലെ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്ന് സര്‍വിസ് നടത്തുന്നതിന് വിമാനക്കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കുന്നത്. മംഗലാപുരത്തിന് പുറമെ കരിപ്പൂരിനെക്കാള്‍ ചെറിയ റണ്‍വേയുള്ള ലഖ്‌നൗ, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരാണസി,റാഞ്ചി, ഔറംഗാബാദ്, ഗയ എന്നീ വിമാനത്താവളങ്ങളും ഈ വര്‍ഷവും ലിസ്റ്റിലുണ്ട്.
2860 മീറ്റര്‍ റണ്‍വേ നീളമുള്ള കരിപ്പൂരിനെ തഴഞ്ഞപ്പോള്‍ 2286 മീറ്റര്‍ റണ്‍വേയുള്ള ഗയ വിമാനത്താളവം ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ടെന്നതാണ് കൗതുകകരം. ഈ എട്ടുവിമാനത്താവളങ്ങില്‍ കരിപ്പൂരിന് തൊട്ടടുത്ത് വരുന്നത് 2800 മീറ്റര്‍ റണ്‍വേ നീളമുള്ള ലഖ്‌നൗ മാത്രമാണ്. 2450 മീറ്റര്‍ മാത്രമാണ് മംഗലാപുരത്ത് റണ്‍വേയുള്ളത്. റണ്‍വേയുടെ കഥ ഇതാണെങ്കില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വിമാനത്താവള ടെര്‍മിനലാണ് കരിപ്പൂരിലേതെന്ന വസ്തുതയും വ്യോമയാന മന്ത്രാലയം സൗകര്യപൂര്‍വം വിസ്മരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളില്‍നിന്ന് ഇടത്തരം എ-310,320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ശ്രമം. മൂന്ന് വര്‍ഷം മുന്‍പ് കരിപ്പൂരിലെ റണ്‍വേ നവീകരണത്തിനായി അടച്ചതിനെ തുടര്‍ന്നാണ് ഹജ്ജ് സര്‍വിസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്. ഒരു താല്‍കാലിക സംവിധാനം എന്നനിലയിലായിരുന്നു ഈ മാറ്റം. സംസ്ഥാനത്തുനിന്ന് ഹജ്ജ് കര്‍മത്തിനു പോകുന്നവരില്‍ 80 ശതമാനവും ഇത്തവണയും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലമാകട്ടെ കരിപ്പൂര്‍ ചെറിയ വിമാനത്താവളമാണെന്നായിരുന്നു.
കരിപ്പൂരില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ 'റിസ' നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതോടെ ഇടത്തരം വിമാന സര്‍വിസുകള്‍ക്ക് അനുമതി ലഭിക്കുമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവുമ്പോഴും 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂര്‍ സര്‍വിസ് അനുമതി നല്‍കാമെന്നായിരുന്നു ഡി.ജി.സി.എ സംഘം അറിയിച്ചത്. ഹജ്ജ് സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യയോ, സഊദി എയര്‍ലൈന്‍സോ ഹജ്ജ് യാത്രകള്‍ക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിമാനങ്ങളുടെ നിയന്ത്രണത്തിന്റെ പേരില്‍ കരിപ്പൂരിനെ തഴയാനുമാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സഊദി എയര്‍ലൈന്‍സ് ഇടത്തരം വിമാനങ്ങളാണ് ഹജ്ജ് സര്‍വിസിന് ഉപയോഗിച്ചിരുന്നത്. അനുമതി ലഭിച്ചാല്‍ ഇത്തരം വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസിന് എത്തിക്കാമെന്ന് വിമാന കമ്പനി അധികൃതര്‍ പറയുമ്പോഴും കേന്ദ്ര വ്യോമയാന മന്ത്രാലയം കരിപ്പൂരിനോടുള്ള ചിറ്റമ്മ നയം തുടരുകയാണെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."