പദ്ധതി നിര്‍വഹണ പുരോഗതിക്ക് വകുപ്പുകള്‍ കാര്യക്ഷമമാകണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
തിരുവനന്തപുരം: വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാലേ പദ്ധതി നിര്‍വഹണത്തില്‍ പുരോഗതി കൈവരിക്കാനാകുകയുള്ളൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ മധു. ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി പുരോഗതി റിപ്പോര്‍ട്ട് കൃത്യമായി എത്തിക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റാറ്റസ് റിപ്പോര്‍ട്ടാണ് ഒരു വര്‍ഷത്തെ പദ്ധതി രൂപീകരിക്കുന്നതിനുള്ള പ്രാഥമിക രേഖ. ജനകീയ ആസൂത്രണത്തിന്റെ കാലത്തിനുശേഷം സ്റ്റാറ്റസ് റിപ്പോര്‍ട്ട് നവീകരിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. തല്‍സ്ഥിതി സംബന്ധിച്ച് രേഖകള്‍ ലഭ്യമാണ്. ഇത് കൃത്യമായി ക്രോഡീകരിക്കുവാനും യഥാസമയം ലഭ്യമാക്കുവാനും ഉദ്യോഗസ്ഥര്‍ തയാറാകണം. പുതിയ പദ്ധതി ആസൂത്രണത്തിലേയ്ക്ക് പോകണമെങ്കില്‍ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ആവശ്യമാണ്.
മാര്‍ച്ച് 31ന് മുന്‍പ് 13-ാം പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി ആസൂത്രണം പൂര്‍ത്തിയാക്കണമെങ്കില്‍ നവീകരിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാതലത്തില്‍ സമഗ്രമായ കര്‍മപദ്ധതി രൂപീകരിക്കാനാണ് ആസൂത്രണ സമിതി തീരുമാനിച്ചിരിക്കുന്നത്. ഇതിന് ഗ്രാമ, ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് തലത്തിലുള്ള വര്‍ക്കിങ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം ചേരുന്ന സമയത്തുതന്നെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ലഭ്യമാകണം. എങ്കില്‍ മാത്രമേ തനത് പദ്ധതികള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലയുടെ സമഗ്ര കര്‍മപദ്ധതികള്‍ക്കകത്തുനിന്നുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാനാകുകയുള്ളൂ.
2016-2017 വാര്‍ഷിക പദ്ധതിയിലേയ്ക്ക് ഭേദഗതി അംഗീകാരത്തിനായി പദ്ധതി സമര്‍പ്പിച്ചിട്ടുള്ളവയില്‍ എ.ബി.സി പദ്ധതിക്ക് തുക വകയിരുത്താത്ത പഞ്ചായത്തുകളുടേത് ഒഴികെയുള്ളവയ്ക്ക് ആസൂത്രണസമിതിയോഗം അംഗീകാരം നല്‍കി. എ.ബി.സിക്ക് തുക വകയിരുത്തുന്ന മുറയ്ക്ക് ഇവയ്ക്ക് അംഗീകാരം നല്‍കും. അടുത്ത ജില്ലാ ആസൂത്രണസമിതി യോഗം ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."