ജ്ഞാനപ്രസരണത്തിന്റെ വന്‍കരകള്‍
വിജ്ഞാനപ്രസരണത്തില് ലോകം കീഴടക്കിയ ബഹുമുഖ പ്രതിഭയെ പരിചയപ്പെടുത്തിയ 'ഞായര്‍ പ്രഭാതം' കുറിപ്പ് ശ്രദ്ധേയവും അര്‍ഹതയ്ക്കുള്ള അംഗീകാരവുമായി. ലോകത്തെ ഇരുനൂറോളം ഇസ്ലാമിക സര്‍വകലാശാലകളുടെ സര്‍വമേഖലയിലും ഇടപെടുന്ന കെയ്റോ ആസ്ഥാനമായി 1968 മുതല്‍ പ്രവര്‍ത്തിക്കുന്ന ലീഗ് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസിലെ 21 നിര്‍വാഹക സമിതിയിലെ ആദ്യ ഇന്ത്യന്‍ പ്രധിനിധി എന്ന നിലയില്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുടെ നേട്ടം സമസ്തയുടെ നേതൃത്വത്തിലുള്ള കേരളാ മോഡല്‍ സമന്വയ വിദ്യാഭ്യാസത്തിനുള്ള അംഗീകാരം കൂടിയാണ്.
അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും അതിലുപരി മതസംരക്ഷണത്തിനായി വിദ്യാഭ്യാസക്രമത്തില്‍ നടത്തിയ കാലോചിതവും യുക്തിഭദ്രവുമായ സമീപനത്തിന്റെയും വിജയമാണ് ഈ വലിയ നേട്ടം. അത് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ആയിരങ്ങളില്‍ ഒരുവനാണെന്നതില് ഈ കുറിപ്പുകാരന് ഏറെ അഭിമാനമുണ്ട്.
വ്യാഴാഴ്ചകളില്‍ പതിവായി നടന്നുപോന്ന അസംബ്ലികളില്‍ ഉസ്താദ് നിരന്തരം ഉപദേശിക്കുന്ന ഒരു വാക്കുണ്ട്:''മക്കളേ, നിങ്ങള്‍ നിങ്ങളുടെ കസേര ഉറപ്പിക്കണം. അതുപക്ഷെ മറ്റുള്ളവരുടെ കസേരകള്‍ പിടിച്ചുവലിച്ചുകൊണ്ടല്ല വേണ്ടത്. കഠിനാധ്വാനത്തിലൂടെ അറിവുകള്‍ കരസ്ഥമാക്കിയും അവ പ്രചരിപ്പിച്ചും നന്മയുടെ വസന്തം ലോകത്ത് വിരിയിക്കുമ്പോള്‍ നിങ്ങള്‍ക്കുള്ള കസേര മറ്റുള്ളവര്‍ തയാറാക്കി വയ്ക്കും. അതിനു നിങ്ങള്‍ ജീവിതത്തില്‍ വിനയവും താഴ്മയും എളിമയും അതിലുപരി എപ്പോഴും സര്‍വശക്തന്റെ നിരീക്ഷണത്തിലാണെന്ന സ്വയം ബോധവുമുണ്ടാകണം.''
ആ വാക്കുകള്‍ ഉള്‍ക്കൊണ്ട പലരും ഇന്ന് ഉന്നത സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റും മറ്റു ബഹുമതികളും കരസ്ഥമാക്കി ലോകത്തിനു മുന്നില്‍ അഭിമാനമായി തീര്‍ന്നു. അനുയോജ്യരായ മഹദ് വ്യക്തികളെ പരിചയപ്പെടുത്താനും അഭിനന്ദിക്കാനും 'സുപ്രഭാതം' കാണിക്കുന്ന മനസിനെ പ്രശംസിക്കാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."