മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ മലബാര്‍ പോര്‍ട്ടിനെ ഒഴിവാക്കും
പൊന്നാനി: രണ്ടായിരം കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ചെന്നൈ കേന്ദ്രമായ മലബാര്‍ പോര്‍ട്ടിനു മുഖ്യമന്ത്രിയുടെ അന്ത്യശാസനം. മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയില്ലെങ്കില്‍ മലബാര്‍ പോര്‍ട്ടിനെ നിര്‍മാണക്കരാറില്‍നിന്ന് ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഒരു വര്‍ഷത്തിലേറെയായി തുറമുഖത്തിന്റെ നിര്‍മാണം നടക്കുന്നില്ല. പലവട്ടം യോഗം ചേര്‍ന്നെങ്കിലും നിര്‍മാണം തുടങ്ങാന്‍ കമ്പനിക്കായിട്ടില്ല. ജനുവരിയില്‍ തുടങ്ങാമെന്നാണ് ഒടുവിലത്തെ യോഗത്തില്‍ കമ്പനി അധികൃതര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയത്. ഈ ഉറപ്പ് പാലിക്കാനും കമ്പനിക്കായില്ല. ഈ സാഹചര്യത്തിലാണ് കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നോട്ട് പ്രതിസന്ധി കാരണം നിര്‍മാണം വൈകിയെന്നാണ് കരാറുകാരന്റെ വിശദീകരണം. എന്നാല്‍, മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങാനായില്ലെങ്കില്‍ കമ്പനിയെ കരാറില്‍നിന്ന് ഒഴിവാക്കുമെന്നു മുഖ്യമന്ത്രി കരാറുകാരെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ഈ പദ്ധതിയില്‍ ഏതാനും മീറ്ററില്‍ കല്ലുകള്‍ പാകിയതല്ലാതെ മറ്റു നിര്‍മാണ പ്രവൃത്തികളൊന്നും നടന്നിട്ടില്ല. നിലവില്‍ രണ്ടു കോടി രൂപ നിര്‍മാണത്തിനായി കരാറുകാര്‍ ചെലവാക്കിയിട്ടുണ്ട്.
സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തു നിര്‍മിക്കുന്ന ആദ്യത്തെ തുറമുഖമാണ് പൊന്നാനിയിലേത്. എന്നാല്‍, നിര്‍മാണത്തിനാവശ്യമായ മുന്നൊരുക്കങ്ങളോ യന്ത്രങ്ങളോ പൊന്നാനിയിലെത്തിയിട്ടില്ല. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ചെന്നൈ മലബാര്‍ പോര്‍ട്ടിനെതിരേ നിരവധി ആരോപണങ്ങളുന്നയിച്ച് സി.പി.ഐ രംഗത്തുവന്നിരുന്നു. വലിയ പദ്ധതികള്‍ ഏറ്റെടുത്തു മുന്‍പരിചയമില്ലാത്ത ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ഇതെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."