'വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ' നിക്ക് ഊട്ടിന്
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ പ്രഥമ 'വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ' നിക്ക് ഊട്ടിന്. യുദ്ധ ഭീകരതയുടെ അവിസ്മരണീയ ചിത്രം പകര്‍ത്തിയ വിഖ്യാത വിയറ്റ്നാം ഫോട്ടോഗ്രാഫറാണ് നിക്ക് ഊട്ട്. ഒരു ലക്ഷം രൂപയും ബഹുമതിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, തോമസ് ജേക്കബ്, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിവലില്‍ നിക്ക് ഊട്ടിന് പുരസ്കാരം സമ്മാനിക്കുമെന്ന് അക്കാദമി ചെയര്മാന് ആര്.എസ് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
21-ാം വയസിലാണ് അസോസിയേറ്റഡ് പ്രസിനു വേണ്ടി വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ കിരാത കൂട്ടക്കൊലയുടെ പ്രതീകമായി മാറിയ 'ദി ടെറര്‍ ഓഫ് വാര്' എന്ന ചിത്രം നിക്ക് പകര്‍ത്തിയത്. നാപാം ബോംബ് വീണ് ശരീരം പൊള്ളിക്കരിഞ്ഞ നഗ്നയായ പെണ്‍കുട്ടി നിലവിളിച്ച് ഓടുന്ന ചിത്രം യുദ്ധഭീകരതയുടെ പ്രതീകമായി മാറി. ചിത്രം പകര്‍ത്തിയതിനൊപ്പം നിക്ക് ഊട്ട് പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അന്നത്തെ ആ ഒന്‍പതു വയസുകാരി കിംഫുക്ക് കാനഡയില്‍നിന്ന് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിക്ക് ഊട്ട് അസോസിയേറ്റ് പ്രസ് ഫോട്ടോ എഡിറ്ററായി വിരമിച്ചു. അക്കാദമി സെക്രട്ടറി കെ.ജി സന്തോഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."