ഫാസിസം മരണക്കിടക്കയിലേക്കും; മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ശ്രദ്ധേയമായി
പാലക്കാട്: മുന്‍ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടുമായ ഇ.അഹമ്മദ് എം.പിയോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവില്‍ പ്രതിഷേധിച്ച്് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധസംഗമം ശ്രദ്ധേയമായി. പാലക്കാട് മഞ്ഞക്കുളം ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കള്‍ പങ്കെടുത്തു. പ്രതിഷേധസംഗമം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. ലോകരാഷ്ട്രങ്ങള്‍ ആദരിക്കുന്ന മികച്ച പാര്‍ലിമെന്റേറിയനായ ഇ.അഹമ്മദിനോട് മോദി സര്‍ക്കാര്‍ കാണിച്ച അനാദരവിന് എന്ത് പ്രതിക്രിയയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഹംസ ആവശ്യപ്പെട്ടു.
പഞ്ചാഗ്നി മധ്യത്തില്‍ തപസ്സ് ചെയ്താലും ഈ പാപകര്‍മത്തിന് പ്രതിക്രിയയാവില്ലെന്ന വസ്തുത മോദിയും സംഘവും മനസ്സിലാക്കണം. വര്‍ഗീയതയുടെ ആവരണം പുരട്ടി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ എന്തും ചെയ്യുമെന്ന അഹങ്കാരമാണ് ഈ സര്‍ക്കാരിനുള്ളത്.
ഫാസിസത്തിന്റെ പ്രത്യയശാസ്ത്രക്കാര്‍ മുന്‍കാലങ്ങളില്‍ ലോകത്ത് എന്തൊക്കെ ചെയ്തിട്ടുണ്ടോ അതുതന്നെയാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്തുവരുന്നത്. രാജ്യത്തെ മതേതര ശക്തികള്‍ ഈ വിപത്തിനെ ചെറുത്തു തോല്‍പിക്കണമെന്നും കെ.എസ്.ഹംസ പറഞ്ഞു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി.എ.എം.എ കരീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് വി.കെ ശ്രീകണ്ഠന്‍, മോഹനന്‍ മാസ്റ്റര്‍ (സി.പി.എം), കലാധരന്‍ (സി.എം.പി), മുഹമ്മദലി അന്‍സാരി (കെ.എന്‍.എം), മരക്കാര്‍ മാരായമംഗലം, അഡ്വ.നാസര്‍ കൊമ്പത്ത്, പി.എ തങ്ങള്‍, എം.എം ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."