റൊമാന്റിക് ഫെഡ്
മെല്‍ബണ്‍: കാലവും ലോകവും ഒരിക്കല്‍ കൂടി നമിച്ചു. ടെന്നീസിലെ നിത്യ വസന്തം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരിയറിലെ 20ാം ഗ്രാന്‍ഡ് സ്ലാം കിരീടം മെല്‍ബണ്‍ പാര്‍ക്കിലെ റോഡ് ലവര്‍ അരീനയില്‍ നെഞ്ചോട് ചേര്‍ത്തു. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ച് ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി നേരിട്ട് ആസ്‌ത്രേലിയന്‍ ഓപണ്‍ നിലനിര്‍ത്തിയ ഫെഡറര്‍ ട്രോഫി ഏറ്റുവാങ്ങി ലോകത്തെ നോക്കി പൊട്ടിക്കരഞ്ഞു. പ്രതിഭയുടെ തിളക്കത്തില്‍ പ്രായത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കാമെന്ന് വീണ്ടും വീണ്ടും തെളിയിച്ച സ്വിസ് ഇതിഹാസം ആറാം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നേടുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചിനും ആസ്‌ത്രേലിയന്‍ ഇതിഹാസം റോയ് എമേഴ്‌സനുമൊപ്പം ഫെഡര്‍ ഇനി പങ്കിടും. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേട്ടം സ്വന്തമാക്കുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് നേരത്തെ തന്നെ സ്വന്തമായുള്ള ഫെഡ് എക്‌സ്പ്രസ് ആ പട്ടികയുടെ എണ്ണം 20ല്‍ എത്തിച്ചു. ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ എണ്ണം ഇരുപതോ അതില്‍ കൂടുതലോ ഉള്ള താരങ്ങളുടെ പട്ടികയില്‍ ഫെഡററും എത്തി. നേരത്തെ മാര്‍ഗരറ്റ് കോര്‍ട്ട്, സ്റ്റെഫി ഗ്രാഫ്, സെറീന വില്ല്യംസ് എന്നീ വനിതാ താരങ്ങള്‍ ഈ നേട്ടത്തിലെത്തിയിരുന്നു.
മൂന്ന് മണിക്കൂറും മൂന്ന് മിനുട്ടും നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിലാണ് ഫെഡറര്‍ സിലിച്ചുയര്‍ത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചത്. ഇഞ്ചോടിഞ്ച് പൊരുതി സിലിച്ചും കളം നിറഞ്ഞപ്പോള്‍ ടെന്നീസ് പ്രേമികള്‍ക്ക് അത് മറ്റൊരു വിരുന്നായി മാറി. സ്‌കോര്‍: 6-2, 6-7 (5-7), 6-3, 3-6, 6-1. ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍ക്ക് പക്ഷേ രണ്ടാം സെറ്റ് നഷ്ടപ്പെട്ടു. മത്സരം ടൈ ബ്രേക്കറിലേക്ക് നീട്ടിയ ക്രൊയേഷ്യന്‍ താരം സെറ്റും സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റ് ഫെഡര്‍ സ്വതസിദ്ധമായ കേളീശൈലിയുമായി കളം നിറഞ്ഞ് തിരിച്ചുപിടിച്ചു. എന്നാല്‍ നാലാം സെറ്റില്‍ രണ്ട് സര്‍വുകള്‍ ബ്രേക്ക് ചെയ്ത് തിരിച്ചടിച്ച് സിലിച്ച് വീണ്ടും മത്സരം ഒപ്പമെത്തിച്ചതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്ത് ആവാഹിച്ച ഫെഡ് തന്റെ പ്രതിഭയുടെ കൈയൊപ്പ് പതിപ്പിച്ച് സിലിച്ചിനെ നിഷ്പ്രഭമാക്കി സെറ്റ് പിടിച്ചെടുത്താണ് കിരീട നേട്ടം ആറാം തവണയും ആഘോഷിച്ചത്.
30ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിലേക്ക് പ്രവേശിച്ച് 20ാം കിരീടത്തില്‍ മുത്തമിട്ട് റോജര്‍ ഫെഡറര്‍ തന്റെ കാവ്യാത്മകമായ ടെന്നീസ് പോരാട്ടം തുടരുകയാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."