ഇരട്ട രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജിയില്‍ വെള്ളിയാഴ്ച വാദംകേള്‍ക്കും
ന്യൂഡല്‍ഹി: 2015ലെ ബാലനീതി നിയമത്തിലെ (ജുവനൈല്‍ ജസ്റ്റിസ് ആക്ട്- ജെ.ജെ.എ) വ്യവസ്ഥകളുടെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ കേരളാ സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജിയില്‍ വെള്ളിയാഴ്ച വിശദമായി വാദംകേള്‍ക്കും. ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ സംസ്ഥാന സാമൂഹികനീതി വകുപ്പിനു കീഴിലുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്േ്രടഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വിമര്‍ശിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.
കേരളത്തിലെ യതീംഖാനകള്‍ ബാലനീതിനിയമപ്രകാരമുള്ള ശിശുസംരക്ഷണ കേന്ദ്രമല്ലെന്നു സമസ്തയുടെ കീഴിലുള്ള യതീംഖാനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, യതീംഖാനകള്‍ ഈ നിയമത്തിനു കീഴില്‍ വരുന്നില്ലെങ്കില്‍, ജെ.ജെ.എ നിയമപ്രകാരമുള്ള കുട്ടികള്‍ക്കു സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ യതീംഖാനകളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. യതീംഖാനകള്‍ ബാലനീതി നിയമപ്രകാരമുള്ള ശിശുസംരക്ഷണകേന്ദ്രമാണോ എന്നതു സംബന്ധിച്ച് വെള്ളിയാഴ്ച തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുദൈഫ അഹ്മദി, അഡ്വ. സുല്‍ഫിക്കര്‍ അലി എന്നിവരും ഹാജരായി.
എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് കഴിഞ്ഞവര്‍ഷം മെയില്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ കേസ് പരിഗണനക്കെടുത്ത ഉടന്‍, ഉത്തരവ് നടപ്പാക്കാന്‍ ഇനിയും ആറുമാസം കൂടി അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. യതീംഖാനകളെയും ശിശുസംരക്ഷണകേന്ദ്രങ്ങളെയും വേര്‍തിരിച്ച ശേഷം രജിസ്േ്രടഷന്‍ നടത്തിയാല്‍ മതിയെന്ന് ഡിസംബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നതായും കേരളം ചൂണ്ടിക്കാട്ടി. എന്നാല്‍, രണ്ടുവര്‍ഷം മുന്‍പുള്ള ഉത്തരവ് നടപ്പാക്കാതെ ഇനിയും സമയം നീട്ടിചോദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഉത്തരാവാദിത്വബോധമില്ലെന്നും കോടതി വിമര്‍ശിച്ചു. ഇതിനു ശേഷമാണ്, രജിസ്റ്റര്‍ ചെയ്യാത്ത ശിശുസംരക്ഷണകേന്ദ്രങ്ങളിലെ അന്തേവാസികള്‍ പീഡനത്തിനോ മനുഷ്യക്കടത്തിനോ ഇരയായാല്‍ അതിന്റെ ഉത്തരവാദിത്തം ചീഫ് സെക്രട്ടറിക്കായിരിക്കുമെന്ന് കോടതി ഓര്‍മിപ്പിച്ചത്.
1960ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുമായ യതീംഖാനകള്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കു കീഴിലും രജിസ്റ്റര്‍ ചയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് സമസ്തക്കു കീഴിലുള്ള യതീംഖാനകള്‍ നല്‍കിയ ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."