കൊച്ചിയില്‍ കെട്ടിടത്തില്‍നിന്ന് വീണയാളെ തിരിഞ്ഞുനോക്കാതെ ജനം
കൊച്ചി: നഗരമധ്യത്തിലെ ബഹുനില കെട്ടിടത്തില്‍നിന്ന് താഴെവീണ യുവാവിനെ തിരിഞ്ഞുനോക്കാതെ ജനക്കൂട്ടം.
തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി ആന്റോയ്ക്കാണ് (46) ദുരവസ്ഥയുണ്ടായത്. തലയും കൈകാലുകളുംപൊട്ടി ചോരവാര്‍ന്ന് 20 മിനുട്ടോളം ഇയാള്‍ക്ക് റോഡില്‍ കിടക്കേണ്ടിവന്നു. തുടര്‍ന്ന് അതുവഴി മകളുമായിവന്ന അഭിഭാഷകയുടെ സമയോചിതമായ ഇടപെടലാണ് ഇയാള്‍ക്ക് രക്ഷയായത്.
ജോലി അന്വേഷണത്തിന്റെ ഭാഗമായി പദ്മ ജങ്ഷനിലെ ലോഡ്ജില്‍ കഴിഞ്ഞ 12 മുതല്‍ താമസിച്ചുവരികയായിരുന്ന സജി ശനിയാഴ്ച വൈകിട്ട് 6.30ഓടെ തലകറങ്ങി മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഈ സമയം റോഡില്‍നിറയെ വാഹനങ്ങളും ജനങ്ങളും ഉണ്ടായിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. സജിയുടെ ജീവന്‍ രക്ഷിക്കാന്‍ ആരും മുന്നോട്ടുവരാത്തത് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജീപ്പും കാറുമൊക്കെ ചോരവാര്‍ന്നുകിടക്കുന്ന സജിയുടെ സമീപത്തുകൂടി കടന്നുപോകുകയായിരുന്നു. ഒടുവില്‍ അതുവഴിവന്ന അഭിഭാഷക രഞ്ജിനി രാമാനന്ദാണ് സജിയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയത്.
സജിയെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴിവന്ന ഓട്ടോ ഡ്രൈവറോട് അഭിഭാഷക പലതവണ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പിന്നീട് കാര്‍ തടഞ്ഞുനിര്‍ത്തി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം, സജിക്ക് ഏറെനേരം റോഡില്‍ കിടക്കേണ്ടിവന്നിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. സഹായിക്കാനായി അഭിഭാഷക മുന്നോട്ടുവന്നതോടെ മറ്റുള്ളവരും കൂടെച്ചേര്‍ന്നു. പെട്ടെന്നുണ്ടായ സംഭവത്തിന്റെ ആഘാതത്തില്‍ ജനം പ്രതികരിക്കാന്‍ വൈകിയതാണ്. അധികം വൈകുംമുന്‍പ് എസ്.ഐ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തിയിരുന്നതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."