അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ആസ്ത്രേലിയ ഫൈനലില്‍
ക്രൈസ്റ്റ്ചര്‍ച്ച്: അട്ടിമറി മുന്നേറ്റങ്ങളുമായി കുതിച്ച ആഫ്ഗാനിസ്ഥാന് സെമി ഫൈനലില്‍ വീണു. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ അവസാന നാലില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി ആസ്ത്രേലിയ ഫൈനലിലേക്ക് കുതിച്ചു. ഇന്ത്യ- പാകിസ്താന് രണ്ടാം സെമിയിലെ വിജയികള്‍ കലാശപ്പോരാട്ടത്തില്‍ ആസ്ത്രേലിയയുമായി ഏറ്റുമുട്ടും.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്റെ പോരാട്ടം 181 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് 37.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 182 റണ്‍സെടുത്താണ് വിജയിച്ചത്. 65 പന്തില്‍ 72 റണ്‍സെടുത്ത ഓപണര്‍ ജാക്ക് എഡ്വേര്‍ഡ്സിന്റെ മികച്ച ബാറ്റിങാണ് ഓസീസ് വിജയം എളുപ്പമാക്കിയത്. ഇന്ത്യന്‍ വംശജന് പരം ഉപ്പല്‍ (32), മക്സ്വീനി (22) എന്നിവര്‍ പുറത്താകാതെ നിന്ന് വിജയം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ ജാസന്‍ സംഗ (26)യും മികച്ച ബാറ്റിങ് പുറത്തെടുത്തു.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ആഫ്ഗാനിസ്ഥാന് ഇക്രം അലി ഖില് (80) പൊരുതി നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. മറു ഭാഗത്ത് സഹ താരങ്ങള്‍ വിക്കറ്റ് വലിച്ചെറിയാന്‍ മത്സരിച്ചപ്പോള്‍ താരം ഒറ്റയാള്‍ പോരാട്ടമാണ് പുറത്തെടുത്തത്. ആസ്ത്രേലിയക്കായി മെര്‍ലോ നാല് വിക്കറ്റെടുത്തു. ബാറ്റിങില്‍ മുന്നില്‍ നിന്ന് നയിച്ച എഡ്വേര്‍ഡ്സ് ബൗള്‍ ചെയ്തപ്പോള്‍ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് ഓള്‍റൗണ്ട് മികവിലൂടെ കളിയിലെ താരമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."