ജൈവകൃഷിയില്‍ മികവ് തെളിയിച്ച് മദ്റസ അധ്യാപകന്
കിഴിശ്ശേരി: ജൈവകൃഷിയില്‍ മികവു തെളിയിച്ച് മദ്റസ അധ്യാപകന്. മുണ്ടംപറമ്പ് പൊതുങ്കര അബ്ദുറഹ്മാന് മുസ്ലിയാരാണ് ജൈവ പച്ചക്കറികൃഷിയില്‍ നൂറുമേനി വിളയിക്കുന്നത്. സഹായത്തിന് ബന്ധു ഓട്ടുപാറ മുഹമ്മദും കൂടെയുണ്ട്. അന്‍പത് സെന്റ് സ്ഥലത്തായി ചെരങ്ങ, പടവലം, കൈപ്പ, പീച്ചിങ്ങ, പയറ്, ചീര എന്നിവയാണ് പ്രധാനമായും ഇവര്‍ കൃഷി ചെയ്യുന്നത്.
കിഴിശ്ശേരി പേങ്ങാട്ടു പുറായ മദ്റസ അധ്യാപകനായ അബ്ദുല്റഹ്മാന് മുസ്ലിയാരും മുഹമ്മദും അഞ്ചുവര്‍ഷം മുന്‍പാണ് കൃഷിയില്‍ സജീവമാകുന്നത്. പ്രവാസികളായിരുന്ന രണ്ടു പേരും പ്രവാസം അവസാനിപ്പിച്ചാണ് കൃഷിയിലേക്ക് തിരിഞ്ഞത്. വീട്ടു വളപ്പില്‍ പല തരത്തിലുള്ള പച്ചക്കറികള്‍ നട്ട് പരിപാലിച്ചപ്പോള്‍ നല്ല വിളവ് കിട്ടിയതോടെ ജൈവകൃഷി നല്ലൊരുവരുമാന മാര്‍ഗമാണെന്ന് ഇവര്‍ തിരിച്ചറിയുകയായിരുന്നു.
രാസവളങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ജൈവ വളങ്ങള്‍ മാത്രമേ തങ്ങള്‍ ഉപയോഗിക്കാറുള്ളൂവെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇവരുടെ വിളകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൃഷിയിടത്തില്‍ നിന്നും പ്രതീക്ഷിച്ചതിലും അധികം ഉല്പാദനം ലഭിക്കുന്നത് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്നും ജൈവ കൃഷിക്കു കൃഷി വകുപ്പിന്റെ പ്രോത്സാഹനവും ഉപദേശ നിര്‍ദ്ദേശങ്ങളും തുണയാകുന്നുണ്ടെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിളവെടുക്കുന്ന വിളകള്‍ വീടിന്റെ പരിസരത്തു വച്ചുതന്നെ വില്‍പ്പന നടത്താറാണ് പതിവ്. കൃഷിയില്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും പൂര്‍ണസഹകരണവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."