ദുരിതംവിതച്ച് തുറന്ന മാലിന്യക്കാനകള്‍; കാനയില്‍ വീണ് ഒരാള്‍ക്ക് ഗുരുതര പരുക്ക്
ആലുവ: നഗരത്തിലെ കാനകള്‍ യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ആലുവ ബാങ്ക് കവലയിലെ മാലിന്യ കാനകളാണ് ഒരാഴ്ചയിലേറെയായി തുറന്നിട്ടിരിക്കുന്നത്. പൊതുകാനകളിലേക്ക് മലിനജലമൊഴുക്കലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കൊടുവിലാണ് നഗരസഭ മാലിന്യക്കാനകള്‍ ശുചീകരിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനായി തുറന്ന കാനകള്‍ ഒരാഴ്ചയിലേറെയായിട്ടും അധികൃതര്‍ക്ക് അടക്കുവാന്‍ കഴിഞ്ഞിട്ടില്ല.
ഇതുമൂലം ഈ ഭാഗത്ത് ശക്തമായ ദുര്‍ഗന്ധമാണുള്ളത്. കൂടാതെ ഒരാഴ്ചയ്ക്ക് മുന്‍പായി കാനയില്‍ നിന്നും നീക്കം ചെയ്ത പുഴുവരിക്കുന്ന മാലിന്യമടക്കം റോഡരികില്‍ നിന്നും നീക്കം ചെയ്യാനും നഗരസഭക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതുമൂലം ഈ ഭാഗത്ത് ഗുരുതരമായ പകര്‍ച്ച വ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇന്നലെ വഴിയാത്രക്കാരനായ പറവൂര്‍ സ്വദേശി ജെമിന (50) തുറന്നിട്ട മാലിന്യക്കാനയില്‍ വീണത്. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പകര്‍ച്ച വ്യാധികള്‍ക്കിടവരുത്തുന്ന തരത്തില്‍ മാലിന്യക്കാനകള്‍ തുറന്നിട്ട നടപടി ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."