പിണറായിയുടെ നിലപാട് ജനവഞ്ചനയെന്ന് ഡി.സി.സി പ്രസിഡന്റ്
തൊടുപുഴ: മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമില്ലെന്ന വിദഗ്ദ സമിതി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്നും, പുതിയ ഡാം ആവശ്യമില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കടുത്ത ജനവഞ്ചനയാണെന്ന് ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ്.
ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 30 ലക്ഷത്തിലധികം ജനങ്ങളുടെ ജീവന് ഭീഷണിയാണ് നിലവിലുള്ള ഡാമെന്ന ഭയപ്പാട് മൂലമാണ് പുതിയ അണക്കെട്ട് വേണമെന്ന് 2011 ഡിസംബര്‍ ഒന്‍പതിന് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. ഡാമിന് ബലക്ഷയമില്ലെന്ന വിദഗ്ദ സമിതി റപോര്‍ട്ട് 2012 സെപ്റ്റംബറില്‍ നല്‍കിയതാണ്. തമിഴ്‌നാടിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് ഇതിനിടയാക്കിയതെന്നുമാണ് പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ അന്നെടുത്ത നിലപാട്. അധികാരത്തില്‍ വന്നയുടന്‍ സുപ്രധാനമായ പ്രശ്‌നത്തില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടത്താതെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് സംശയകരമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണ ഉണ്ടായിട്ടുണ്ടോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഇ.എസ് ബിജിമോള്‍ എം.എല്‍.എ, ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്, സി.പി.എം ജില്ലാ നേതൃത്വം എന്നിവരുടെ നിലപാട് അറിയാന്‍ താല്‍പര്യമുണ്ടെന്ന് റോയി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."