കുമാരമംഗലം ഗവ. എല്‍.പി സ്‌കൂള്‍ തലമുറകളുടെ സംഗമ വേദിയായി
കുമാരമംഗലം: ഗവ. എല്‍.പി സ്‌കൂളില്‍ 90 വര്‍ഷം മുമ്പ് പഠിച്ച വിദ്യാര്‍ഥിയും അടുത്തകാലത്ത് സ്‌കൂള്‍ വിട്ട കൗമാരക്കാരും മാതൃ വിദ്യാലയത്തില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് തലമുറകളുടെ സംഗമമായി.
ഒപ്പം 30 വര്‍ഷം മുമ്പ് മുതല്‍ കഴിഞ്ഞ വര്‍ഷം വിരമിച്ചവര്‍ വരെയുള്ള അധ്യാപകരും അവരോടൊപ്പം ചേര്‍ന്നതോടെ സമ്മേളനം ആവേശമായി. കുമാരമംഗലം ഗവ. എല്‍.പി സ്‌കൂള്‍ ശതാബ്ദി സമാപനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പൂര്‍വാധ്യാപകവിദ്യാര്‍ഥി സമ്മേളനമാണ് തലമുറകളുടെ സംഗമ വേദിയായത്.
രാജഭരണ കാലത്തും ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഭാരതത്തിലും ജനിക്കുകയും പഠിക്കുകയും ചെയ്തവര്‍ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ പുതു തലമുറക്ക് അത് വേറിട്ട അനുഭവമായി.
കേരളത്തില്‍ സൗജന്യ വിദ്യാഭ്യാസം സൗജന്യമാക്കി നിരവധി നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ വിളംബര പ്രകാരമാണ് 1917ല്‍ കുമാരമംഗലം ഗവ. എല്‍.പി സ്‌കൂള്‍ സ്ഥാപിതമായത്.
മലയാറ്റില്‍ കേശവന്‍ നായര്‍ സ്‌കൂളിനാവശ്യമായ ഭൂമി സൗജന്യമായി നല്‍കി. 90 വര്‍ഷം മുമ്പ് സ്‌കൂളില്‍ പഠിച്ച പനച്ചിക്കാട്ട് ശിവശങ്കരന്‍ നായരും സമ്മേളനത്തിനത്തെി. അദ്ദേഹത്തെ ആഘോഷ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂളില്‍ പഠിച്ചവരില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംചെന്ന വിദ്യാര്‍ഥിയാണ് ശിവശങ്കരന്‍ നായര്‍.
പൂര്‍വ വിദ്യാര്‍ഥി സംഗമം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫിസറുമായ രതീഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബിജോയ് ജോണ്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ. ദാസ് മുഖ്യപ്രഭാഷണം നടത്തി.
പൂര്‍വ വിദ്യാര്‍ഥിയും നാട്ടിക എസ്.എന്‍ കോളജ് മലയാള വിഭാഗം മേധാവിയുമായ പ്രഫ. വി.എസ്. റെജി, എ.പി. കാസീന്‍, അഡ്വ. സി.എം. കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മുന്‍കാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ അധ്യാപിക ഓമന ടീച്ചര്‍ ഗാനം ആലപിച്ചു. പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി എം.കെ. ശിവശങ്കരന്‍നായര്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി.എ. സുമ നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കളത്ര ഗോപാലന്‍, വിനോദ് വെള്ളായണി, സന്ദീപ് കെ.രാജ്, കുറത്തിയാടന്‍ പ്രദീപ്, സുറുമി കെ.മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. അഡ്വ. സി.എം. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് ഉല്ലാസ് കരുണാകരന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."