കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങരുതെന്ന് ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ദിവസേനയുള്ള കളക്ഷനില്‍ നിന്ന് നിശ്ചിത ശതമാനം തുക മാറ്റിവച്ച് പെന്‍ഷന്‍ നല്‍കുന്നത് പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
പെന്‍ഷന്‍ മുടങ്ങുന്നതിനെതിരേ കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ നല്‍കിയ 11 ഹരജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പെന്‍ഷന്‍ മുടങ്ങാതെ വിതരണംചെയ്യുന്നതിന് എന്തു നടപടിയെടുത്തെന്ന് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും ഫെബ്രുവരി അഞ്ചിനകം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സുശീല്‍ ഖന്നയുടെ ഇടക്കാല റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും കൂടുതല്‍ സമയം തേടിയതിനാല്‍ ഹരജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കാനായി മാറ്റി. തൊഴിലാളിക്ക് അര്‍ഹമായ തുകയില്‍നിന്ന് മാറ്റിവച്ച വിഹിതമാണ് പിന്നീട് പെന്‍ഷനായി നല്‍കുന്നത്. ഇതു നിഷേധിക്കാനോ വൈകിപ്പിക്കാനോ സാധിക്കില്ല. പെന്‍ഷന്‍ തൊഴിലാളിയുടെ അവകാശമാണ്. തൊഴിലുടമയുടെ സാമ്പത്തികപ്രതിസന്ധി പെന്‍ഷന്‍ വൈകിപ്പിക്കാനോ നിഷേധിക്കാനോ മതിയായ കാരണമല്ല. സാമൂഹ്യസുരക്ഷ മുന്‍നിറുത്തിയാണ് പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത്. സുദീര്‍ഘമായ സേവനത്തിലൂടെ തൊഴിലുടമയ്ക്കായി വിയര്‍പ്പൊഴുക്കിയ തൊഴിലാളിയുടെ ശിഷ്ടകാലം സുരക്ഷിതമാക്കാനാണ് പെന്‍ഷന്‍. കെ.എസ്.ആര്‍.ടി.സിയിലെ ദിവസ കളക്ഷനില്‍ നിന്ന് 10 ശതമാനം തുക ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി നിക്ഷേപിച്ച് ഇതില്‍നിന്ന് തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ 2002 നവംബര്‍ 20 ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതേ മാതൃകയില്‍ പെന്‍ഷന്‍ കൃത്യമായി നല്‍കാനാവുമോയെന്ന് പരിശോധിക്കണം.
ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ കുടിശ്ശികയാണെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി. ജൂണിലും സെപ്റ്റംബറിലും 10,000 രൂപയില്‍ കൂടുതല്‍ പെന്‍ഷനുള്ളവര്‍ക്ക് 10,000 രൂപ മാത്രമാണ് നല്‍കിയതെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ വിതരണത്തില്‍ പങ്കില്ലെങ്കിലും പ്രതിസന്ധിഘട്ടത്തില്‍ പരമാവധി പിന്തുണ നല്‍കിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. നിലവിലുള്ള ഭാരിച്ച വായ്പാത്തിരിച്ചടവാണ് കെ.എസ്.ആര്‍.ടി.സിയുടെ മുഖ്യ ബാധ്യതയെന്നും എസ്.ബി.ഐയുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പകള്‍ ക്രമീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കെ.എസ്.ആര്‍.ടി.സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."